പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് കാവുംമന്ദം സ്വദേശിയായ ടി.ജെ. മാഴ്സ് എന്ന വ്യാപാരി.
യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പർവതമായ റഷ്യയിലെ മൗണ്ട് എൽബ്രൂസ് ആണ് ഈ നാട്ടിൻപുറത്തുകാരൻ വിജയകരമായി കാൽക്കീഴിലാക്കിയിരിക്കുന്നത്. 74 വയസും 6മാസവും 26 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.
ഈ റെക്കോർഡ് സ്വന്തമാക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് മാഴ്സ്. തരിയോട് സെന്റ് മേരീസ് യുപി സ്കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അദ്ദേഹം ആദ്യമായി മലകയറുന്നത്.
അക്കാലത്ത് തന്റെ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ ബാണാസുര മലയാണ് അദ്ദേഹം കീഴടക്കിയത്. ആ തുടർച്ചയിൽ രാജ്യത്തിനകത്തും പുറത്തുമായി നിരവധി പർവതനിരകൾ താണ്ടിയ അദ്ദേഹം ഈ പ്രായത്തിലും തന്റെ സാഹസിക യാത്രകൾ തുടരുകയാണ്.
5642 മീറ്റർ ഉയരമുള്ളതാണ് മൗണ്ട് എൽബ്രൂസ്. ജില്ലയിൽ പ്രവർത്തിക്കുന്ന ട്രക്കിങ് കൂട്ടായ്മയായ ബൂട്ട് പാത്ത്സിന്റെ നേതൃത്വത്തിൽ 6 അംഗ സംഘത്തോടൊപ്പമാണ് അദ്ദേഹം ഈ ദൗത്യം പൂർത്തിയാക്കിയത്.
മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച ഹിമക്കാറ്റും മൈനസ് 20 ഡിഗ്രി തണുപ്പും ഒരേപോലെ നേരിട്ടായിരുന്നു ഈ സാഹസിക യാത്ര. പകൽ സമയത്തെ ഹിമക്കാറ്റിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുലർച്ചെ 2 മണിയോടെയാണ് മഞ്ഞുകട്ടകൾ തുളച്ചുള്ള യാത്ര ആരംഭിച്ചത്.
എങ്കിലും കാലാവസ്ഥയുടെ വ്യതിയാനങ്ങളും കഠിനമായ ചെങ്കുത്തായ കയറ്റങ്ങളും യാത്രയിൽ വലിയ വെല്ലുവിളിയായി മാറി. എന്നാൽ അടിയുറച്ച മനക്കരുത്തിന്റെ പിൻബലത്തിൽ ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് അദ്ദേഹം സുരക്ഷിതമായി തിരിച്ചെത്തുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന മറ്റൊരു മുതിർന്ന അംഗമായ 66 കാരൻ മുരളീധരനും ഇതേ ആവേശത്തോടെയാണ് യാത്രാ ലക്ഷ്യം കൈവരിച്ചത്. ഇതിനു മുൻപ് 5364 മീറ്റർ ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാംപും, 5895 മീറ്റർ ഉയരമുള്ള ആഫ്രിക്കയിലെ കിളിമഞ്ചാരോയും ഈ സംഘം കീഴടക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ശേഷം നിലവിൽ കാവുംമന്ദം ടൗണിൽ മലഞ്ചരക്ക് വ്യാപാരം നടത്തിവരികയാണ് മാഴ്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

