സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ ശക്തമായ പശ്ചാത്തലത്തിൽ, വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകൾക്കും (ഡി.ടി.പി.സി) സർക്കാരിന്റെ പ്രത്യേക നിർദ്ദേശങ്ങൾ. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജില്ലകളിലും മഴ വ്യാപകമായി തുടരുന്ന സാഹചര്യത്തിലും, വെള്ളച്ചാട്ടങ്ങൾ അതുപോലെ ജലാശയങ്ങളുമായി ബന്ധപ്പെട്ട
മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടതാണ്.
മണ്ണിടിച്ചിൽ അതുപോലെ ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര മേഖലകളിലും മഴ പൂർണ്ണമായി അവസാനിക്കുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഇത്തരത്തിലുള്ള പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ടതും, അതോടൊപ്പം ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതുമാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ള വിനോദസഞ്ചാരികളിലേക്കും ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി എത്തുന്നുണ്ടെന്ന് ടൂറിസം കേന്ദ്രങ്ങൾ ഉറപ്പുവരുത്തണം. ഏതെങ്കിലും സാഹചര്യത്തിൽ സഞ്ചാരികൾ അപകടത്തിൽ പെടുകയോ അല്ലെങ്കിൽ ഒറ്റപ്പെട്ടുപോവുകയോ ചെയ്യുകയാണെങ്കിൽ, ബന്ധപ്പെടേണ്ട
അടിയന്തര സഹായ നമ്പറുകൾ സഞ്ചാരികൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.
കാലാവസ്ഥാ മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ജനങ്ങളിലേക്ക് എത്തിക്കണം.
ഇതിനുപുറമേ, പോലീസ്, ദുരന്ത നിവാരണം, അഗ്നിശമന രക്ഷാ സേന എന്നിവയുടെ കൺട്രോൾ റൂമുകളിലേക്കും നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

