സംസ്ഥാനത്ത് വീണ്ടുമൊരു ജില്ലാ പുനഃക്രമീകരണ ചർച്ചകൾ സജീവമാകുമ്പോൾ പ്രധാന ചർച്ചാകേന്ദ്രമായി മാറുന്നത് മലപ്പുറം ജില്ലയാണ്. 1969 ൽ ഇഎംഎസ് മന്ത്രിസഭയുടെ കാലത്താണ് പാലക്കാടിന്റെയും കോഴിക്കോടിന്റെയും ചില ഭാഗങ്ങൾ ചേർത്ത് മലപ്പുറം ജില്ല രൂപീകരിക്കുന്നത്.
അതിനുശേഷം 1984 ൽ രൂപീകരിക്കപ്പെട്ട കാസർകോടാണ് കേരളത്തിൽ അവസാനമായി പിറന്ന ജില്ല.
സർക്കാർ സേവനങ്ങളുടെ വിതരണത്തിൽ നിലനിൽക്കുന്ന വലിയ അന്തരമാണ് ജില്ലകളുടെ പുനഃക്രമീകരണം ആവശ്യപ്പെടുന്നതെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ഉമ്മർ അറയ്ക്കൽ വ്യക്തമാക്കുന്നു. ജനസംഖ്യാനുപാതികമായി സർക്കാർ സംവിധാനങ്ങൾ വിഭജിക്കപ്പെടണമെന്നും ഇതിനായി ആവശ്യമായ ഇടങ്ങളിൽ ജില്ലകൾ പുനഃക്രമീകരിക്കണമെന്നുമാണ് പാർട്ടിയുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
ജനസംഖ്യയും സർക്കാർ സംവിധാനങ്ങളും തമ്മിലുള്ള അന്തരം മലപ്പുറം ജില്ലയിൽ 42 ലക്ഷം ജനങ്ങളാണുള്ളത്. എന്നാൽ തൃശൂർ ജില്ലയിൽ ഇത് 32 ലക്ഷമാണ്.
മലപ്പുറത്ത് 138 വില്ലേജ് ഓഫിസുകളുള്ളപ്പോൾ തൃശൂരിൽ 253 വില്ലേജ് ഓഫിസുകളുണ്ട്. മലപ്പുറത്ത് ഏകദേശം 31,000 പേർക്ക് സേവനം നൽകാൻ ഒരു വില്ലേജ് ഓഫിസ് ഉള്ളപ്പോൾ, തൃശൂരിൽ 12,600 പേർക്ക് ഒരു വില്ലേജ് ഓഫിസ് വീതമുണ്ട്.
ആരോഗ്യ മേഖലയിലും സമാനമായ അന്തരമുണ്ട്. പത്തനംതിട്ടയിൽ സർക്കാർ ആശുപത്രിയിൽ 612 പേർക്ക് ഒരു കിടക്ക ലഭ്യമെങ്കിൽ മലപ്പുറത്ത് ഇത് 1580 ആണ്.
മലപ്പുറത്ത് ഒന്നു അനുവദിക്കുമ്പോൾ മറ്റു ജില്ലകളിലും ഒന്നു വീതം നൽകുന്ന ‘ബാലൻസിങ് ആക്ട്’ കാരണം പലയിടത്തും അർഹതയില്ലാത്ത ഔദാര്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ഉമ്മർ അറയ്ക്കൽ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ 18 ലക്ഷമായിരുന്ന ജനസംഖ്യ 57 വർഷം പിന്നിടുമ്പോൾ 42 ലക്ഷമായി വർധിച്ചിട്ടുണ്ട്.
തൊഴിലിനായുള്ള കുടിയേറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ട്. ജില്ല പുനഃക്രമീകരിക്കുമ്പോൾ തിരൂർ ആസ്ഥാനമായി തീരദേശ ജില്ല വേണമെന്ന ആവശ്യമുൾപ്പെടെ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.
ഡീലിമിറ്റേഷനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിക്കുന്ന കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കട്ടെയെന്നും രാഷ്ട്രീയപരമായല്ല, ജനങ്ങൾക്ക് സർക്കാർ സേവനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലീഗ് വിഷയത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം ജില്ലയെ പൂർണ്ണമായി വെട്ടിമുറിക്കുകയല്ല, മറിച്ച് നിലവിലുള്ള ജില്ലയോടൊപ്പം മറ്റൊരു ജില്ല കൂടി രൂപീകരിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

