കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പി.എം.എഫ്.എം.ഇ.) മികച്ച രീതിയിൽ നടപ്പിലാക്കിയതിനുള്ള ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങി. ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിൽ നടന്ന ഉച്ചകോടിയിൽ വെച്ചാണ് സംസ്ഥാനത്തിന് ഈ പ്രമുഖ അംഗീകാരം ലഭിച്ചത്.
കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാനിൽ നിന്നും കൃഷി, കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ്., കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് എസ്. എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഭക്ഷ്യമേഖലയിലെ സംരംഭകർക്ക് നൽകിയ സമഗ്ര പിന്തുണ, സാമ്പത്തിക സഹായം, നൈപുണ്യ വികസനം, വിപണന പ്രോത്സാഹനം തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയാണ് ഈ നേട്ടം.
പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ നിശ്ചയിച്ച 10,000 സംരംഭകർ എന്ന ലക്ഷ്യം മറികടന്ന് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ ലഭ്യമാക്കാൻ സംസ്ഥാന വ്യവസായ വകുപ്പിന് സാധിച്ചിട്ടുണ്ട്. കൂടാതെ 7,529 ഗുണഭോക്താക്കൾക്കായി 195.04 കോടി രൂപയുടെ ഗ്രാന്റ്-ഇൻ-എയ്ഡ് സബ്സിഡിയും അനുവദിച്ചിട്ടുണ്ട്.
സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധനസഹായമായി കുടുംബശ്രീ മുഖേന സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ വഴി 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപയും നഗര ഉപജീവന മിഷൻ വഴി 1,060 അംഗങ്ങൾക്ക് 3.90 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്. തൃശ്ശൂർ വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ 2.75 കോടി രൂപ ചെലവിൽ അരി, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജന സംസ്കരണം എന്നിവയ്ക്കായി സജ്ജമാക്കിയ കോമൺ ഇൻകുബേഷൻ സെന്ററും പദ്ധതിയുടെ ഭാഗമായി വിജയകരമായി പ്രവർത്തിച്ചുവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

