മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ദത്തൂര ചെടിയുടെ അതായത് ഉമ്മത്തിൻ കായയുടെ കായും വിത്തുകളും ഓൺലൈൻ വഴി വൽപ്പനയ്ക്കുവെച്ച സംഭവത്തിൽ കടുത്ത നടപടിയുമായി കർണാടക സർക്കാർ രംഗത്ത്. പ്രമുഖ ഓൺലൈൻ വിതരണ പ്ലാറ്റ്ഫോമുകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയവയുടെ ഫുഡ് ലൈസൻസാണ് കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കിയത്.
ഭക്ഷ്യവസ്തുവായി ഇത് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും കർണാടക ഭക്ഷ്യസുരക്ഷാ വിഭാഗം കർശന ഉത്തരവ് പുറപ്പെടുവിച്ചു. അപകടകരമായ വസ്തുക്കൾ ഓൺലൈനിലൂടെ വ്യാപാരം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളെ തുടർന്നാണ് ഈ നിർണായക നടപടി.
ദത്തൂര ഉൾപ്പെടയുള്ള വസ്തുക്കൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും എതിരെ വകുപ്പ് നേരത്തെ തന്നെ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിവിധ പ്ലാറ്റ്ഫോമുകളിൽ ദത്തൂര വിൽപ്പനയ്ക്കുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഫുഡ് സേഫ്റ്റി ആൻ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) രജിസ്ട്രേഷനും ലൈസൻസ് നമ്പരും ഉൾപ്പെടെയുള്ളവ കാണിച്ചായിരുന്നു ചില പ്ലാറ്റ്ഫോമുകളിൽ ഇവയുടെ വിൽപന നടന്നിരുന്നത്. തുടർന്നു നടന്ന തെളിവെടുപ്പിൽ ആമസോൺ അധികൃതർ യാതൊരുവിധ വിശദീകരണവും നൽകിയില്ല.
കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു ഇൻസ്റ്റമാർട്ടിന്റെ പ്രതികരണം. എന്നാൽ, ഉമ്മത്തിൻകായയുടെ വിൽപന പൂർണ്ണമായി അവസാനിപ്പിച്ചതായി ബിഗ് ബാസ്ക്കറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ഭക്ഷ്യവസ്തുവല്ലെന്നും പൂജ ആവശ്യങ്ങൾക്കുള്ളതാണെന്നും പ്ലാറ്റ്ഫോമുകളിൽ രേഖപ്പെടുത്തുമെന്നും കമ്പനി അറിയിക്കുകയുണ്ടായി. എന്നാൽ കമ്പനികളുടെ ഈ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നു കണ്ടാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.
അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ഫുഡ് ലൈസൻസ് റദ്ദാക്കാനാണ് കർശന നിർദ്ദേശം. മതിയായ വിശദീകരണം ലഭ്യമാക്കിയാൽ തീരുമാനം പുനപരിശോധിക്കുമെന്നും വ്യക്തമാക്കുന്നു.
കൂടാതെ, ഇത്തരം വസ്തുക്കളുടെ ഉൽപാദകർക്കും വിതരണക്കാർക്കും ശക്തമായ മുന്നറിയിപ്പ് നൽകിയതായും ഉത്തരവിലുണ്ട്. ഒട്ടേറെ ഔഷധഗുണങ്ങളുണ്ടെങ്കിലും ഉമ്മത്തിൻ കായ കഴിക്കുന്നത് മനുഷ്യന്റെ ജീവനുതന്നെ കനത്ത ഭീഷണിയാണ്.
എന്നാൽ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുമായി കൂട്ടിക്കലർത്തി ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ലഹരിയുടെ തീവ്രത ഇരട്ടിയാക്കാനാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്.
അതേസമയം, ഇൻസ്റ്റാർട്ടിലെ ചില ഓർഡറുകൾക്കൊപ്പം സൗജന്യ സമ്മാനം എന്ന പേരിൽ ഉമ്മത്തിൻ കായ വിതരണം ചെയ്യുന്നതായുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി.ഖാദർ വ്യക്തമാക്കി. ഇത് ഒരു കുട്ടി കഴിക്കാൻ ഇടയായ സാഹചര്യമുണ്ടായി.
തുടർന്നാണ് ഉചിതമായ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

