രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി നിർണായക നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് നിയമപരമായ നടപടികളിലൂടെ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കണമെന്ന് വിവിധ സുരക്ഷാ ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർശന നിർദ്ദേശം നൽകി.
ദില്ലിയിൽ ആരംഭിച്ച ദേശീയ സുരക്ഷാ സമ്മേളനത്തിലാണ് മന്ത്രിയുടെ ഈ സുപ്രധാന പ്രസ്താവന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 850-ലധികം സുരക്ഷാ ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന പൊലീസ് സേനകളുടെയും ഉയർന്ന മേധാവികളുമാണ് ഈ ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നത്.
ഭീകരവാദ ശൃംഖലകൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്നും കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിലുള്ള പരസ്പര ഏകോപനം കൂടുതൽ മെച്ചപ്പെടുത്തണമെന്നും യോഗത്തിൽ വിലയിരുത്തി. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, ലഹരിമരുന്ന് കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, അനധികൃത കുടിയേറ്റം എന്നിവ രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് അമിത് ഷാ ഓർമ്മിപ്പിച്ചു.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘പ്രഹാർ’ പദ്ധതി നടപ്പാക്കുന്നതിനായി സുരക്ഷാ സേനാംഗങ്ങൾക്ക് കൂടുതൽ പരിശീലനം നൽകേണ്ടതുണ്ട്. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കുന്നതിനായി നൂതന ഇന്റലിജൻസ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎപിഎ കേസുകളുടെ അന്വേഷണ വേളയിൽ സമഗ്രവും കൃത്യവുമായ ഏകോപിത സമീപനം സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, ഭീകരവാദ കേസുകളിലെ കോടതി വിചാരണകൾ വേഗത്തിലാക്കുന്നതിനും, വിദേശ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിനും പ്രത്യേക ഊന്നൽ നൽകണമെന്നും സമ്മേളനത്തിൽ നിർദ്ദേശമുയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

