സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടായ ഗുരുതരമായ അച്ചടക്ക ലംഘനങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. അരുവിക്കര പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ മൂന്ന് സിവിൽ പൊലീസ് ഓഫിസർമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന സ്റ്റേഷനിലെ ഓണാഘോഷത്തിനിടയിലാണ് സംഭവം.
ഈ സമയം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. മേലുദ്യോഗസ്ഥനെ കണ്ട
പരിഭ്രാന്തിയിൽ ഇവർ സല്യൂട്ട് ചെയ്യാൻ പോലും മറന്നുപോയി. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടയിൽ, ഇവരിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് ഇറച്ചോടുകയായിരുന്നു.
തുടർന്ന് മദ്യപിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഇവർ നൽകിയ മറുപടി. മറ്റു കേസുകൾ ഇല്ലാത്തതിനാൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയില്ലെങ്കിലും, മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
മറ്റൊരു സംഭവത്തിൽ, ഇ.ഡി സംഘത്തെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം നടത്തിയത് വിവാദമായതിനെത്തുടർന്ന് ഏഴ് പൊലീസുകാർക്കെതിരെ നടപടിയെടുത്തു. ഊഞ്ഞാലാടിയും ചെണ്ട
കൊട്ടിയും പ്രതികൾ സ്റ്റേഷനിൽ ആഘോഷം നടത്തിയപ്പോൾ അത് തടയാതിരുന്നതിനാണ് നടപടി. സിപിഒമാരായ അജു, ദിനുകുമാർ, രതീഷ്, ഗിനീഷ്, സുധീഷ്, ദൃശ്യ, അരുൺ എന്നിവരെ നന്ദാവനം എആർ ക്യാംപിലേക്കാണ് മാറ്റിയത്.
സംഭവത്തിൽ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന എസ്എച്ച്ഒ ആർ.പ്രശാന്തിനെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും, അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ അച്ചടക്ക നടപടി ഒഴിവാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്.ഷഹൻഷായെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കേസിൽ പ്രതികളായ സിപിഎം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു, ഒന്നാം പ്രതി നിധിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സന്തോഷ് കുമാർ ആണ് അപേക്ഷ നൽകിയത്.
സ്റ്റേഷനുമുന്നിൽ കെട്ടിയ ഊഞ്ഞാലിൽ ബിനു ആടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. പ്രതികളുടെ ഫെയ്സ്ബുക് പേജിൽ നിന്നുളള ദൃശ്യങ്ങൾ മെറ്റ നീക്കം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴായിരുന്നു പ്രതികൾ ഈ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

