തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് നാടും നഗരവും മലയാളികളും.
ഓണം നിറവിന്റെ കൂടി ആഘോഷമാണ്. ‘കാണം വിറ്റും ഓണമുണ്ണണം’ എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കാനാണ് മലയാളിയുടെ ഉത്രാടപ്പാച്ചിൽ.
സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ആഘോഷങ്ങൾ എല്ലാം പാരമ്യത്തിലെത്തുന്നത് തിരുവോണത്തിനാണ്. അതെല്ലാം യാഥാർത്ഥ്യമാക്കാനുള്ള തത്രപ്പാടിലാണ് ജനങ്ങൾ.
വിപണികൾക്കും ഇത് ഉത്സവകാലമാണ്. പുത്തനുടുപ്പും പച്ചക്കറികളും പഴങ്ങളും പൂക്കളും പലവ്യഞ്ജനവും എല്ലാം വാങ്ങി വീടുകൾ നിറയ്ക്കുകയാണ് മലയാളി.
ഓണക്കോടി വീട്ടുകാർക്ക് മാത്രമല്ല, പ്രിയപ്പെട്ടവർക്കെല്ലാം കരുതി നൽകുന്നതിലൂടെ സന്തോഷം ഇരട്ടിക്കുന്നു. അവനവന്റെ കഴിവിനനുസരിച്ച് സാധനങ്ങൾ വാങ്ങാനുള്ള ഈ നെട്ടോട്ടത്തിൽ ചെറുകിട
കച്ചവടക്കാർ മുതൽ വൻകിട വ്യാപാരികൾ വരെ സജീവമാണ്.
ഓൺലൈനിൽ കച്ചവടം തകൃതിയായി നടക്കുന്നുണ്ടെങ്കിലും, കടകളിൽ പോയി തിക്കിത്തിരക്കി കണ്ട് തൊട്ടുനോക്കി സാധനങ്ങൾ വാങ്ങുന്നതിന്റെ ആവേശം വേറെ തന്നെയാണ്. ഉത്രാടം ഉറക്കമില്ലാത്ത ഒരു ദിവസം കൂടിയാണ്.
വീട്ടുകാരെല്ലാം ഒത്തുചേർന്ന് കായ വറുക്കലും അച്ചാറുണ്ടാക്കലും ഇന്നത്തെ ദിവസത്തെ പ്രധാന ചടങ്ങുകളാണ്. അതുകൊണ്ടുതന്നെ ഏത്തക്കായക്കുല വാങ്ങുന്നത് വീടുകളിൽ നിർബന്ധമാണ്.
ഉത്രാടത്തിന് തുടങ്ങുന്ന ആഘോഷങ്ങൾക്ക് തിരുവോണവും കഴിഞ്ഞ് മൂന്നാമോണത്തിനേ കൊടിയിറങ്ങൂ. ഗ്രാമമായാലും നഗരമായാലും ഈ പാരമ്പര്യവും ആഘോഷങ്ങളും ഒട്ടും ചോർന്നുപോകാതെ മലയാളി ഇന്നും സൂക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

