തിരുവനന്തപുരം നഗരത്തിൽ സർക്കാരിന്റെ പ്രകടന വിലയിരുത്തലുകൾ സജീവമാകുന്നു. നാളെ 100 ദിനം പിന്നിടുന്ന വേളയിൽ, കഴിഞ്ഞ 3 മാസം കൊണ്ട് ഓണക്കാലത്തെ ആനുകൂല്യ വിതരണത്തിനും വിപണിയിൽ ഉൽപന്നങ്ങളെത്തിക്കുന്നതിനും നടത്തിയ അതിവേഗ തയാറെടുപ്പുകൾ ജനങ്ങൾ നേരിട്ടനുഭവിച്ച പ്രധാന സർക്കാർ ഇടപെടലുകളിൽ ഒന്നായി മാറി.
എന്നാൽ, പല ജില്ലകളും പ്രളയത്തിൽ മുങ്ങിയപ്പോൾ ഈ വേഗവും തയാറെടുപ്പും സർക്കാരിൽനിന്ന് ഉണ്ടായോ എന്നതിൽ സംശയമുണ്ട്. മുന്നൊരുക്കത്തെക്കാൾ കൂടുതൽ പ്രളയത്തിനു പിന്നാലെ നടത്തിയ ഇടപെടലുകളാണ് പൊതുവെ കാണാൻ സാധിച്ചത്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എപ്പോഴും ജനങ്ങൾക്കു നേരിൽക്കണ്ട് പരാതി അറിയിക്കാൻ കഴിയുന്നു എന്നതാണു പുതിയ സർക്കാരിലെ ദൃശ്യമായ പ്രധാന മാറ്റം. ഒരു വർഷത്തേക്കുള്ള ബജറ്റും 5 വർഷത്തേക്കുള്ള വിഷൻ 2031 എന്ന രേഖയും അടിസ്ഥാനമാക്കിയാണ് വി.ഡി.സതീശന്റെ ‘വികസനയാത്ര’ മുന്നോട്ട് പോകുന്നത്.
നേട്ടങ്ങൾ ജനങ്ങളിലേക്കെത്താൻ 6 മാസം കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ സാവകാശം ചോദിച്ചുകഴിഞ്ഞു. ഭരണത്തിലും നിലപാടുകളിലും എന്തായിരിക്കും സർക്കാരിന്റെ നയമെന്ന് ഈ 3 മാസം കൊണ്ടു വ്യക്തമായിട്ടുണ്ട്.
വിവാദത്തിനായി കേന്ദ്രവുമായോ ഗവർണറുമായോ ഏറ്റുമുട്ടലിനില്ലെന്നും വികസനമാണ് ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കുന്നു. നിലപാടുകളെടുത്തുപോയതിന്റെ പേരിൽ അതിൽ ഉറച്ചുനിൽക്കില്ലെന്നും, തെറ്റാണെന്നു ബോധ്യപ്പെട്ടാൽ പിന്മാറുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, പ്രതിപക്ഷത്തായിരിക്കെ പിഎം ശ്രീയിലടക്കം സ്വീകരിച്ച നിലപാടിൽ നിന്നുള്ള പിന്നോട്ടുപോക്ക് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ സർക്കാർ ഏറെ പണിപ്പെടേണ്ടി വരും. ഹെലികോപ്റ്റർ യാത്ര, മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിലെ ബന്ധുനിയമനം തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് സർക്കാരിന് 100 ദിവസത്തിനുള്ളിൽ നേരിടേണ്ടിവന്നത്.
കഴിഞ്ഞ സർക്കാരിന്റെ നടപടികൾ കാരണം ഇരകളാക്കപ്പെട്ടവരെ സംരക്ഷിക്കുകയെന്ന നിലപാട് നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടുന്നതിലും മകൾക്കു ജോലി നൽകുന്നതിലും വ്യക്തമായി പ്രകടമായി. പ്രധാന നേട്ടങ്ങൾ:
∙ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി കാര്യമായ പരാതികൾക്ക് ഇടനൽകാതെ ഫലപ്രദമായി നടപ്പാക്കി.
∙ 10,000 പേരുടെ അറസ്റ്റിലേക്കും ലഹരിക്കടത്ത് ശൃംഖലയുടെ വേരറുക്കുന്ന തലത്തിലേക്കും കടന്ന ‘ഓപ്പറേഷൻ തൂഫാൻ’ സർക്കാരിന്റെ വിജയ പദ്ധതികളിലൊന്നായി മാറി.
∙ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ക്ഷേമപെൻഷൻ വിതരണം തുടക്കത്തിൽ തന്നെ മുടങ്ങിയെങ്കിലും അതുണ്ടാകാതെ ഈ സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തി.
∙ 3 മാസം കൊണ്ട് ഓണക്കാല വിപണിയിലേക്ക് ഉൽപന്നങ്ങളെത്തിക്കാനും അവ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കാനും സപ്ലൈകോ ഫലപ്രദമായി ഇടപെട്ടു.
∙ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു.
ആശാ, അങ്കണവാടി വർക്കർമാരുടെ വേതനത്തിൽ വർധന നടപ്പാക്കി. ബജറ്റിൽ സാധാരണക്കാർക്കു മേൽ അധിക നികുതികൾ ചുമത്തിയില്ല.
∙ കിഫ്ബിയെക്കുറിച്ച് പ്രതിപക്ഷത്തിരിക്കെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ നടപടികൾ സ്വീകരിക്കുകയും പുനഃപരിശോധനയ്ക്കായി സമിതിയെ നിയമിക്കുകയും ചെയ്തു.
പ്രധാന കോട്ടങ്ങൾ:
∙ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടു.
∙ സർക്കാർ ജീവനക്കാരുടെ ഡിഎ സമയത്തിനു നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒരു ഗഡു കുടിശികയായി തുടരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി, ശമ്പള പരിഷ്കരണം എന്നിവയിൽ തുടർനടപടികളെക്കുറിച്ച് വ്യക്തതയില്ല.
∙ കെപിസിസി പ്രസിഡന്റും 2 ആക്ടിങ് പ്രസിഡന്റുമാരും മന്ത്രിമാരായെങ്കിലും ഇതുവരെ കെപിസിസിക്ക് പകരം സാരഥികളെ കണ്ടെത്താൻ കഴിയാത്തത് സർക്കാർ–പാർട്ടി ആശയവിനിമയത്തിനു വിലങ്ങുതടിയായി.
∙ പിഎം ശ്രീ പദ്ധതിയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ വച്ചെങ്കിലും തുടർനടപടികൾ ഇഴഞ്ഞുനീങ്ങുന്നു.
∙ ബോർഡുകളിലും കോർപറേഷനുകളിലും മേധാവികളെ നിയമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
∙ കെ.മുരളീധരൻ, സി.പി.ജോൺ അടക്കമുള്ള ചില മന്ത്രിമാരുടെ പ്രസ്താവനകൾ വിവാദങ്ങൾക്ക് വഴിവച്ചു.
മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനവും വിവാദത്തിലായി.
∙ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി കുറച്ചത് പൊതുവെ വിമർശനങ്ങൾക്ക് കാരണമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

