സംസ്ഥാനത്തെ റോഡുകളിൽ, പ്രത്യേകിച്ച് ദേശീയപാതകളിൽ ലെയിൻ ട്രാഫിക് പാലിക്കാതെ വാഹനം ഓടിക്കുന്നവർക്കെതിരെ കേരള പോലീസ് കർശന നടപടികളിലേക്ക് കടക്കുന്നു. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ വിലയിരുത്തൽ പ്രകാരം, റോഡപകടങ്ങൾ വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം ലെയിൻ അച്ചടക്കം പാലിക്കാത്തതാണ്.
ദേശീയപാതകളിൽ ഇരുചക്ര വാഹനയാത്രക്കാർ റോഡിന്റെ വലതുവശം ചേർത്തും മീഡിയനോട് ചേർന്നും വാഹനം ഓടിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതായി പോലീസിന്റെ നിരീക്ഷണത്തിൽ വ്യക്തമായിട്ടുണ്ട്. മീഡിയനോട് ചേർന്ന് വാഹനം ഓടിക്കുന്നത് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ മൂലമാണ് സ്ത്രീകളടക്കമുള്ള യാത്രക്കാർ ഇത്തരത്തിൽ വാഹനം ഓടിക്കുന്നത്.
ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം അപകടകരമായ ഡ്രൈവിംഗിലേക്ക് നയിക്കുന്നത് എന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഗതാഗതം സുഗമമാക്കുന്നതിനായി ഓരോ വാഹനവും ലെയിൻ കൃത്യമായി പാലിക്കേണ്ടതുണ്ട്.
സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും എപ്പോഴും റോഡിന്റെ ഏറ്റവും ഇടതുവശത്തുള്ള ലെയിൻ മാത്രമാണ് ഉപയോഗിക്കേണ്ടത്. സാധാരണ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മധ്യഭാഗത്തെ ലെയിൻ ഉപയോഗിക്കാം.
എന്നാൽ ഏറ്റവും വലതുവശത്തെ ലെയിൻ മറ്റു വാഹനങ്ങളെ മറികടക്കാൻ മാത്രമുള്ളതാണ്. മറികടന്ന ഉടൻ തന്നെ ഇൻഡിക്കേറ്ററും മിററുകളും ഉപയോഗിച്ച് പഴയ ലെയിനിലേക്ക് തിരിച്ചെത്തുകയും വേണം.
റോഡിലെ മുറിഞ്ഞ വെള്ള വരകളുള്ള ഭാഗങ്ങളിൽ സുരക്ഷിതമെങ്കിൽ ലെയിൻ മാറാം. എന്നാൽ മുറിയാത്ത വെള്ള വരകളും മഞ്ഞ വരകളുമുള്ള ഇടങ്ങളിൽ ലെയിൻ മാറാനോ ഓവർടേക്ക് ചെയ്യാനോ പാടില്ല.
ജംഗ്ഷനുകളിലും സീബ്ര ക്രോസിംഗുകളിലും ഒരു കാരണവശാലും ലെയിൻ മാറാൻ പാടില്ല. ഇത്തരത്തിലുള്ള ലെയിൻ ട്രാഫിക് ലംഘനങ്ങൾ തുടർച്ചയായ അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ റോഡുകളിൽ പരിശോധന കർശനമാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങൾക്ക് റോഡിലെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറിലേക്ക് (974700 1099) വിവരങ്ങൾ കൈമാറാവുന്നതാണ്. നിയമലംഘനത്തിന്റെ ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ഓഡിയോ എന്നിവയോടൊപ്പം സംഭവം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പർ എന്നിവ സഹിതമാണ് സന്ദേശം അയക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

