രാജ്യത്തെ 11 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയ്ക്ക് വാടകയ്ക്ക് നൽകാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട
സമിതി അനുമതി നൽകി. ഒരു പ്രധാന വിമാനത്താവളത്തോടൊപ്പം ഒരു ചെറിയ വിമാനത്താവളം കൂടി ഉൾപ്പെടുത്തി അഞ്ച് ബണ്ടിലുകളായാണ് ഇവ കൈമാറുന്നത്.
അമൃത്സർ, വാരാണസി, ഭുവനേശ്വർ, റായ്പൂർ, തിരിച്ചറപ്പള്ളി എന്നിവയാണ് പ്രധാന വിമാനത്താവളങ്ങൾ. കാംഗ്ര, ഗയ, കുശിനഗർ, ഹുബ്ബാളി, ഔറംഗാബാദ്, തിരുപ്പതി എന്നിവ ചെറിയ വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവയിൽ നിന്ന് ഓരോ വിമാനത്താവളങ്ങളാണ് ഓരോ ബണ്ടിലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വലിയ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ലഭിക്കുന്ന കമ്പനികൾ അനുബന്ധമായി വരുന്ന ചെറിയ വിമാനത്താവളങ്ങളെക്കൂടി വികസിപ്പിച്ചെടുക്കണം എന്ന കർശന വ്യവസ്ഥയോടെയാണ് കൈമാറ്റം.
വ്യോമയാന മേഖലയിലേക്ക് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങളും നവീന സാങ്കേതിക പ്രാഗത്ഭ്യവും ആകർഷിക്കുകയാണ് കേന്ദ്രസർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വിമാനത്താവളങ്ങളുടെ 50 വർഷത്തേക്കുള്ള നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൂർണ്ണമായും സ്വകാര്യ കമ്പനികളുടെ ചുമതലയിലായിരിക്കും.
എന്നാൽ ഇതിന്റെ സ്പോൺസറിങ്, നടത്തിപ്പ് ഏജൻസി ചുമതല എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ തന്നെ നിർവഹിക്കും. പുതിയ പദ്ധതിയിൽ സ്വകാര്യ കമ്പനികളുടെ താൽപ്പര്യം പരിശോധിക്കുന്നതിനായി വ്യോമയാന മന്ത്രാലയം ഉടൻ തന്നെ നടപടികൾ സ്വീകരിക്കും.
ബണ്ടിൽ വ്യവസ്ഥയിൽ വിമാനത്താവളങ്ങൾ കൈമാറുന്നതിനുള്ള നിർദേശം ഇതാദ്യമായാണ് നടപ്പിലാക്കുന്നത്. സ്വകാര്യ കമ്പനികളുടെ നിർദേശങ്ങൾ കൂടി വിലയിരുത്തിയ ശേഷം ആവശ്യാനുസരണം പദ്ധതിയിൽ മാറ്റങ്ങൾ വരുത്തും.
2019 ലാണ് എഎഐയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ കേന്ദ്രസർക്കാർ ആദ്യമായി സ്വകാര്യവൽക്കരിക്കുന്നത്. അന്ന് അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് 50 വർഷത്തെ പാട്ടത്തിന് നൽകിയിരുന്നു.
തുടർന്ന് രണ്ടാം ഘട്ടമായി ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി ഗ്രൂപ്പിന് കൈമാറുകയും ചെയ്തു. ‘ദേശീയ ധനസമ്പാദന പദ്ധതി’യുടെ (നാഷനൽ മോണെട്ടൈസേഷൻ പൈപ്പ്ലൈൻ 2.0) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി എഎഐയുടെ കീഴിലുള്ള മൊത്തം 26 വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. ഇതിലൂടെ 14,950 കോടി രൂപ സമാഹരിക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഈ ബൃഹത്തായ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് നിലവിൽ 11 വിമാനത്താവളങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

