പശ്ചിമഘട്ട മലനിരകളിൽ വീണ്ടും നീലക്കുറിഞ്ഞിയുടെ വസന്തം വിരിയുന്നു.
ഇടുക്കി ജില്ലയിലെ ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്ന് (ഓഗസ്റ്റ് 24) മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ഗ്യാപ് റോഡിന് സമീപം സജ്ജീകരിച്ചിട്ടുള്ള പ്രത്യേക കവാടത്തിലൂടെയാണ് ഉദ്യാനത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ഇന്ന് രാവിലെ 11 മണിക്ക് സി.സി.എഫ് ഡി.കെ.വിനോദ് നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വിവിധ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം മേഖലയിലുള്ള പ്രമുഖരും സംബന്ധിക്കും.
മഴ പൂർണ്ണമായി പിൻവാങ്ങി സൂര്യവെളിച്ചം ശക്തമാകുന്നതോടെ ചൊക്രമുടിയിൽ കുറിഞ്ഞികൾ കൂടുതൽ വ്യാപകമായി പൂത്തുതുടങ്ങുമെന്നാണ് വിലയിരുത്തൽ. ചൊക്രമുടിക്ക് പുറമേ മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടുമല തുടങ്ങിയ മലനിരകളിലും ഇത്തവണ കുറിഞ്ഞി പൂവിടുന്ന കാഴ്ച ആസ്വദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ചിന്നക്കനാൽ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും ചെറിയ തോതിൽ കുറിഞ്ഞി പൂക്കൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. സഞ്ചാരികൾക്കായി വനംവകുപ്പ് പ്രവേശന ഫീസ് നിശ്ചയിച്ചിട്ടുണ്ട്.
ചൊക്രമുടിയിൽ കുറിഞ്ഞി കാണുന്നതിനായി 10 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് 100 രൂപയും 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദേശ സഞ്ചാരികളിൽ നിന്ന് 400 രൂപ ഈടാക്കും.
ഉദ്യാനത്തിനുള്ളിൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുക്കുന്നതിന് 50 രൂപയും വീഡിയോ ചിത്രീകരണത്തിന് 100 രൂപയും ഫീസ് നൽകണം. എന്നാൽ വന്യജീവികളുടെ സാന്നിധ്യം ശക്തമായ മേഖലയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ഉദ്യാനത്തിൽ സന്ദർശകർക്ക് പ്രവേശനമുള്ളത്. നീലക്കുറിഞ്ഞി ചെടികൾ നശിപ്പിക്കുകയോ പിഴുതുമാറ്റുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും, ഇത് കണ്ടെത്തിയാൽ 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്നും വനം വകുപ്പ് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

