മേഖലയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നതിനിടയിൽ, പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തും. യുഎസ്–ഇറാൻ ചർച്ചകൾ പുനരാരംഭിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിർണായക സന്ദർശനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഘയി വ്യക്തമാക്കിയിട്ടുണ്ട്.
ജനറൽ മുനീറിന്റെ ഇറാൻ യാത്ര പാക്കിസ്ഥാൻ ഔദ്യോഗിക കേന്ദ്രങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ‘ഇസ്ലാമാബാദിന്റെ ധാരണപത്രം അനുസരിച്ചുള്ള മധ്യസ്ഥ ചർച്ചകൾ മുനീർ നടത്തും.
ട്രംപിന്റെ മുന്നറിയിപ്പുകൾ, പാക്കിസ്ഥാൻ–തുർക്കി–സൗദി അറേബ്യ കരാർ വന്നതിനുശേഷമുള്ള സാഹചര്യം, ഇറാനിയൻ നേതാക്കളുമായി ഹൂതികൾക്കുള്ള പ്രശ്നങ്ങൾ എന്നിവയും പരിഗണിക്കും.’–പാക്കിസ്ഥാൻ വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ടിൽ വ്യക്തമാക്കി. അമേരിക്ക വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നതും, അതിനെ സൈനികമായി ചെറുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതും പശ്ചിമേഷ്യയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിരിക്കുന്ന ഘട്ടത്തിലാണ് പാക്ക് സൈനിക മേധാവിയുടെ ഈ സുപ്രധാന സന്ദർശനം.
അതേസമയം, സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച പുതിയ സൈനിക കൂട്ടായ്മയിൽ അല്ലെങ്കിൽ അച്ചുതണ്ടിൽ അംഗമാകാൻ ഇറാനും ഔദ്യോഗികമായി ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇറാനിയൻ പാർലമെന്റ് വാർത്താ ഏജൻസി മേധാവി മെഹ്ദി റാഹിമി ആണ് ഈ വിവരം പുറത്തുവിട്ടത്.
ലഭിച്ച ക്ഷണം സ്വീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

