ടെഹ്റാൻ: ആഭ്യന്തര തലത്തിൽ ഉയർന്നുവരുന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി. കാഴ്ചക്കാരായി നിന്ന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ വളരെ എളുപ്പമാണെന്നും, വിമർശനം ഉന്നയിക്കുന്നവർ നേരിട്ട് മുന്നോട്ടുവന്ന് സർക്കാരിനെ സഹായിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അമേരിക്കയുമായുള്ള സമാധാന ധാരണ തകർന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ ഈ പരാമർശം. പരമോന്നത നേതാവിന്റെ അനുമതിയോടെയാണ് പ്രസ്തുത ധാരണ ഒപ്പുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഇറാനിലെ തീവ്രനിലപാടുള്ള വിഭാഗങ്ങൾ സമാധാന നീക്കങ്ങളെ നിരന്തരം തടസ്സപ്പെടുത്തിയിരുന്നു. ഇതിനിടയിൽ, ഇറാൻ-അമേരിക്ക സംഘർഷത്തിൽ ചർച്ചകൾക്ക് സാധ്യത തെളിയുന്നതായി റിപ്പോർട്ടുകളുണ്ട്.
ചർച്ചകൾക്കായി പാക് സേന മേധാവി ഇറാൻ സന്ദർശിക്കുമെന്നാണ് വിവരം. ഈ യാത്രാവിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കൻ ഭരണകൂടം ഇറാനെതിരെ നടപ്പിലാക്കുന്ന സാമ്പത്തിക ഉപരോധ നീക്കങ്ങൾ പൂർണ്ണപരാജയമായിരിക്കുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ സെക്രട്ടറിയായ മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് മുൻപിൽ വഴങ്ങാൻ ഇറാൻ ഭരണകൂടം തയ്യാറല്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലും തങ്ങളുടെ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ വെറുംവാക്കുകൾ മാത്രമാണെന്നും അത് ലോകം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റെസായി പരിഹസിച്ചു.
വാഷിംഗ്ടൺ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുകയും സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായി പിൻവലിക്കുകയും ചെയ്യും വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ എണ്ണക്കടത്തിനായി അയൽരാജ്യങ്ങൾ ബദൽ മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും, തങ്ങളുടെ പ്രതിരോധ തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്നും പുതിയ ശേഷികൾ പുറത്തെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങൾ ആഗോളതലത്തിൽ കൂടുതൽ രാജ്യങ്ങളെ അണുവായുധ ശേഷി കൈവരിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ മുതിർന്ന ഉപദേഷ്ടാവ് കൂടിയായ റെസായി ആരോപിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും എൻപിടി കരാറുകളിൽ അംഗമായ രാജ്യത്തിന് പോലും സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്ന് തെളിഞ്ഞതോടെയാണ് ആഗോളതലത്തിൽ ഇത്തരം പ്രവണതകൾ വർദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

