പഞ്ചാബിൽ വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ബലാത്സംഗക്കേസ് ഒതുക്കിത്തീർക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ഭാര്യ പണം ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരെ ഉയർന്ന ഗുരുതര ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ഉടൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും ശിരോമണി അകാലിദളും കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഒരു വിരമിച്ച ജഡ്ജിയാണ്, മുഖ്യമന്ത്രിയുടെ ഭാര്യ ഗുർപ്രീത് കൗർ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് പരസ്യമായി വെളിപ്പെടുത്തിയത്. ഈ വിവാദത്തിന് പിന്നാലെ ആരോപണം ഉന്നയിച്ച ജഡ്ജ് രഞ്ജിത് സിങ്ങിന് എതിരെ ഗുർപ്രീത് വക്കീൽ നോട്ടിസ് അയക്കുകയുണ്ടായി.
കോൺഗ്രസ് എംഎൽഎയുടെ ഭാര്യാ സഹോദരനാണ് രഞ്ജിത് സിങ്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ പഞ്ചാബ് സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചത്.
‘‘ആരോപണങ്ങളും അടിസ്ഥാനരഹിതമായ കാര്യങ്ങളും ഉന്നയിക്കാൻ എളുപ്പമാണ്. എല്ലാ ആരോപണങ്ങളെയും നേരിടാൻ ഞങ്ങൾ തയാറാണ്.
ഞാൻ മുൻപ് ഭയപ്പെട്ടിട്ടില്ല, ഇപ്പോഴും ഭയക്കില്ല. എനിക്കെതിരെ സംസാരിക്കുന്നവർ ആദ്യം വസ്തുതകൾ ശരിയാണെന്ന് ഉറപ്പാക്കണം.
അല്ലാത്തപക്ഷം നിയമനടപടികൾ നേരിടാൻ അവർ തയാറാകണം’’– ആരോപണങ്ങൾക്ക് പിന്നാലെ ഗുർപ്രീത് കൗർ പ്രതികരിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ് അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം അനിവാര്യമാണെന്നും ബിജെപി നേതാവ് ഇഖ്ബാൽ സിങ് ലാൽപുര വ്യക്തമാക്കി.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് വ്യക്തത വരുത്തണമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്ങും ആവശ്യപ്പെട്ടു. അതേസമയം, എഎപി വനിതാ വിഭാഗം അധ്യക്ഷ അമൻദീപ് കൗർ അറോറ ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു.
‘‘നുണകൾ അതിരുകടക്കുമ്പോൾ പ്രതികരണം രാഷ്ട്രീയപരമായി മാത്രമല്ല, നിയമപരമായും ഉണ്ടാകും. കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിങ് ഖൈറയുടെ ഭാര്യാസഹോദരൻ രഞ്ജിത് സിങ് അടുത്തിടെ ഗുർപ്രീത് കൗറിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
24 മണിക്കൂറിനുള്ളിൽ മാപ്പ് പറയാൻ ആവശ്യപ്പെട്ട് അവർ അദ്ദേഹത്തിന് വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്’’– അറോറ വ്യക്തമാക്കി. ഈ വിവാദത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അവർ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

