രാഷ്ട്രീയ പ്രസ്താവനകൾക്കപ്പുറം വനിതകളുടെ ഉന്നക്ഷമ ലക്ഷ്യമിട്ട് പൂനെയിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാശർശങ്ങൾ ശ്രദ്ധേയമാകുന്നു. പൂനെയിലെ എസ്എസ്പിഎംഎസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിലാണ് സ്ത്രീകൾക്ക് ശക്തമായ സന്ദേശവുമായി അദ്ദേഹം എത്തിയത്.
രാജ്യത്തിന്റെ വികസന കുതിപ്പിന് നേതൃത്വം നൽകേണ്ടത് വനിതകളാണെന്നും, സമൂഹത്തിലെ പുരുഷമേധാവിത്വം എത്രയും പെട്ടെന്ന് തകർത്തെറിയപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സ്ത്രീകൾ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും അവരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ ഒരു കാരണവശാലും അവസാനിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മനുസ്മൃതിയിൽ പുരുഷന്മാരെ സ്ത്രീകൾക്ക് മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് തികച്ചും ലജ്ജാകരമാണെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. പുരുഷന്മാരേക്കാൾ മികച്ച ദീർഘവീക്ഷണം സ്ത്രീകൾക്കുണ്ടെന്നും, രാജ്യത്തിന്റെ യഥാർത്ഥ സ്വത്ത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം ഗൗരവകരമായ കണക്കുകൾ നിരത്തി. “സുരക്ഷാ പ്രശ്നങ്ങൾ മൂലം രാജ്യത്തെ 50 ശതമാനം സ്ത്രീകളും ജോലി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
6 ശതമാനം സ്ത്രീകൾ ബലാത്സംഗത്തിന് ഇരകളാകുന്നു. നൂറിൽ ആറ് സ്ത്രീകൾ രാജ്യത്ത് ബലാത്സംഗത്തിനിരയാകുന്നു.
രാജ്യത്ത് പ്രതിവർഷം 4.5 ലക്ഷം പെൺഭ്രൂണഹത്യകൾ നടക്കുന്നു. നാണക്കേട് കാരണം 99% അതിക്രമ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല,” അദ്ദേഹം പറഞ്ഞു.
സ്ത്രീകൾ സ്വതന്ത്രരായിരിക്കണമെന്നും അവർ ആരുടെയും സ്വന്തമല്ലെന്നും സ്വന്തം വ്യക്തിത്വത്തിന് മാത്രമാണ് പ്രാധാന്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജന്തർമന്തർ സമരവുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു.
സമൂഹത്തിൽ ലിംഗഭേദത്തിന്റെ പേരിൽ നടക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നും എല്ലാവരെയും തുല്യമായി ബഹുമാനിക്കുന്ന സംസ്കാരം വളർന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

