കേരളത്തിന്റെ തനതായ ഓണപ്പെരുമ നേരിട്ടറിയാൻ അറബിനാട്ടിൽ നിന്നും എത്തിച്ചേർന്ന അഞ്ച് അതിഥികൾ നാട്ടുശീലങ്ങളുടെ സ്നേഹസ്പർശമായി മാറി. നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വിപുലമായ ഓണാഘോഷ പരിപാടികളിലാണ് ഒമാൻ സ്വദേശികളായ ഈ സംഘം പങ്കെടുത്തത്.
ഒമാൻ മിലിട്ടറി ഓഫിസർ സാഹിദ് ഹുസ്നി, എമിഗ്രേഷൻ ഓഫിസർ സുൽത്താൻ ഹുസ്നി, മുഹമ്മദ് ഹാജർ, ഖാലിദ് ഹുസ്നി, അബ്ദുല്ല ഹുസ്നി എന്നിവരാണ് കേരളത്തിലെത്തി സ്കൂളിലെ ആഘോഷങ്ങളിൽ സജീവമായത്. വർണാഭമായ പൂക്കളവും പരമ്പരാഗതമായ ഓണസദ്യയും ഈ അറേബ്യൻ സംഘത്തിന് തികച്ചും നവ്യാനുഭവമായി.
ഇതിൽ ഏറെ കൗതുകമുണർത്തിയത് ഓണാഘോഷത്തിന്റെ ഐതിഹ്യമായ മാവേലി കുതിരപ്പുറത്തു വന്നിറങ്ങിയ കാഴ്ചയായിരുന്നു. വിദ്യാർത്ഥികൾക്കൊപ്പം ഒന്നിച്ച് ഇരുന്ന് ഓണസദ്യ കഴിച്ചും, ആവേശകരമായ ശിങ്കാരി മേളം ആസ്വദിച്ചും അവർ ആഘോഷങ്ങളിൽ പൂർണ്ണമായി ലയിച്ചുചേർന്നു.
അടുത്ത ഓണക്കാലത്ത് കുടുംബ സമേതം കേരളത്തിലേക്ക് വീണ്ടും എത്താൻ ആഗ്രഹമുണ്ടെന്ന് വിദേശ പ്രതിനിധികൾ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്കൂളിൽ എത്തിയ വിദേശ അതിഥികളെ മാനേജർ പി.ബി.കുഞ്ഞമ്മദ് ഹാജി, പ്രധാനാധ്യാപകൻ ഹാരിസ് പാണാറത്ത്, അധ്യാപകരായ അബ്ദുല്ല ഓലിയോട്ട്, എൻസിസി ഓഫിസർ സി.അബ്ദുൽ ഹമീദ്, സ്കൂൾ കമ്മിറ്റി സെക്രട്ടറി ടി.കെ.അബ്ബാസ്, ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.പി.മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ആർ.ബി.ബിജു, ഹമീദ് മാണിക്കഞ്ചേരി, കടോളി മഹമൂദ്, മൻസൂർ കടോളി എന്നിവർ ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

