വയനാട് ജില്ലയിലെ പുൽപള്ളിക്ക് സമീപം മരക്കടവ് മഞ്ഞാടിക്കടവിൽ നിർധന കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്ന രണ്ട് പശുക്കൾ ദുരൂഹസാഹചര്യത്തിൽ ചത്തൊടുങ്ങി. കാരാടി ചന്ദ്രുവിന്റെ ഉടമസ്ഥതയിലുള്ള പശുക്കളാണ് ഇന്നലെ ഉച്ചയോടെ ചരിഞ്ഞത്.
തൊഴുത്തിൽ നിന്നും പശുക്കൾ പിടയുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും ഒരു പശു ചത്തിരുന്നു. തുടർന്ന്, കൂട്ടിലുണ്ടായിരുന്ന രണ്ടാമത്തെ പശുവിനെ ഉടൻ തന്നെ പുറത്തേക്ക് ഇറക്കിയെങ്കിലും അതും പിടഞ്ഞുവീണ് ചാവുകയായിരുന്നു.
പാമ്പുകടിയേറ്റതോ അല്ലെങ്കിൽ വിഷബാധയേറ്റതോ ആകാം മരണകാരണമെന്നാണ് പ്രാഥമിക സംശയം. സംഭവത്തെ തുടർന്ന് പഞ്ചായത്ത് അധികൃതരും ക്ഷീരസംഘം പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ പരിശോധനകൾ നടത്തി.
ഇന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വനപാലകർ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സെന്റ് സ്ഥലം മാത്രമുള്ള ചെറിയ ഭൂമിയിൽ ഷെഡ് കെട്ടി കഴിയുന്ന കൂലിപ്പണിക്കാരനാണ് ചന്ദ്രു.
ഭാര്യ രുഗ്മിണിയുടെ പരിചരണത്തിലാണ് ഈ പശുക്കളെ വളർത്തിയിരുന്നത്. ചത്ത പശുക്കളിൽ ഒന്ന് കറവയുള്ളതും മറ്റൊന്ന് ഗർഭിണിയുമായിരുന്നു.
തങ്ങളുടെ ഏക ജീവിതമാർഗമാണ് ഇതിലൂടെ ഇല്ലാതായതെന്ന് ഈ കുടുംബം വേദനയോടെ പറയുന്നു. വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുള്ള ഈ കുടുംബത്തിന് സർക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് അടിയന്തര സഹായം ലഭ്യമാക്കണമെന്നും, പശുക്കളുടെ മരണകാരണം സമഗ്രമായി അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

