യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അലസിപ്പിരിഞ്ഞതിന് പിന്നാലെ കനേഡിയൻ ഉൽപന്നങ്ങൾക്ക് കനത്ത തിരിച്ചടി. കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് ഭരണകൂടം പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാത്രി നടന്ന നിർണായകമായ അന്തിമ ചർച്ചയാണ് യാതൊരു തീരുമാനവുമില്ലാതെ അവസാനിച്ചത്. ഇതിന്റെ തുടർച്ചയായി, ശനിയാഴ്ച അർധരാത്രിക്ക് ശേഷം ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങൾക്ക് മേൽ സെക്ഷൻ 338 താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വാഷിങ്ടണിൽ മൂന്ന് ദിവസമായി നടന്ന ചർച്ചകളിൽ യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും കാനഡയുടെ യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും പങ്കെടുത്തിരുന്നു. യുഎസിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ, രാജ്യവുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു.
പുതിയ താരിഫുകൾക്കെതിരെ ഡോളറിന് ഡോളർ എന്ന കണക്കിൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, യുഎസിലുള്ള കാനഡയുടെ ചർച്ചാ പ്രതിനിധികളോട് ഉടൻ മടങ്ങിയെത്താൻ പ്രധാനമന്ത്രി നിർദേശം നൽകുകയും ചെയ്തു.
ചർച്ചകളിൽ കാനഡയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അവസാന നിമിഷം വരെ ആത്മാർത്ഥമായും കഠിനമായും പരിശ്രമിച്ചതായി മാർക്ക് കാർണി വ്യക്തമാക്കി. എന്നാൽ, അവസാന ഘട്ടത്തിൽ യുഎസ് മുന്നോട്ടുവെച്ച നിബന്ധനകളിലെ മാറ്റങ്ങൾ തികച്ചും അന്യായവും സാമ്പത്തികമായി ലാഭകരമല്ലാത്തതുമായിരുന്നു.
അവ ഏതൊരു കരാറിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കനേഡിയൻ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കാനഡയിൽ നിന്നും യുഎസിലേക്ക് കയറ്റി അയക്കുന്ന സ്റ്റീൽ, തടി, വാഹനങ്ങൾ തുടങ്ങിയ പ്രധാന ഇറക്കുമതികൾക്കാകും പുതിയ താരിഫ് ബാധകമാകുക.
യുഎസിന്റെ ഏകപക്ഷീയമായ ഈ നടപടി, പ്രതിസന്ധിയിലായ കനേഡിയൻ സമ്പദ്വ്യവസ്ഥയെ കരകയറ്റാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

