പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക ദർശന സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം ഉണ്ടാകില്ല.
തിരുവോണനാളിൽ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം പുലർച്ചെ 4.30ന് നടക്കും. ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യ ഓണപ്പുടവ സമർപ്പിക്കും.
തുടർന്ന് ഉഷഃപൂജ വരെ ഭക്തർക്കും ഓണപ്പുടവ സമർപ്പിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്. ഉത്രാടം നാളിൽ നടക്കുന്ന കാഴ്ചക്കുല സമർപ്പണം 25ന് രാവിലെ നടക്കും.
കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിച്ച ശേഷം ഭക്തർക്കായി ഈ അവസരം ഒരുക്കും. തിരുവോണ ദിവസം രണ്ട് നേരങ്ങളിൽ മേളത്തോടുകൂടിയ കാഴ്ചശീവേലിയും രാത്രിയിൽ വിളക്കെഴുന്നള്ളിപ്പും ഉണ്ടായിരിക്കും.
തിരുവോണ ദിനത്തിൽ 10,000 പേർക്ക് പ്രസാദഊട്ട് നൽകാൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാളൻ, ഓലൻ, എരിശേരി, അവിയൽ, പഴംപ്രഥമൻ, മോര്, വറുത്തുപ്പേരി, പപ്പടം, ഉപ്പിലിട്ടത് എന്നിവയടക്കമുള്ള വിഭവങ്ങൾ അന്നലക്ഷ്മി ഹാളിലും തൊട്ടുചേർന്ന പന്തലിലുമായി രാവിലെ 9 മുതൽ വിളമ്പും.
കൗസ്തുഭം റെസ്റ്റ് ഹൗസ് നാളെ തുറക്കും
ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്തുഭം റെസ്റ്റ് ഹൗസ് നാളെ മുതൽ ഭക്തർക്കായി തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 31ന് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവഹിച്ച കൗസ്തുഭത്തിന് സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതികളെല്ലാം ലഭിച്ചതായി ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് വ്യക്തമാക്കി.
ദേവസ്വത്തിന്റെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ റെസ്റ്റ്ഹൗസിൽ നിയമിച്ചിട്ടുണ്ട്. നാളെ മുതൽ ഭക്തർക്ക് മുറികൾ ലഭ്യമാകുന്നതോടൊപ്പം ബുക്കിങ് നടപടികളും ആരംഭിക്കും.
മുറികളുടെ ജിഎസ്ടി ഉൾപ്പെടെയുള്ള ദിവസ വാടകനിരക്കുകൾ താഴെ പറയുന്നതാണ്:
* എസി– 2 ബെഡ് റൂം: 1575 രൂപ
* നോൺ എസി– 2 ബെഡ്: 1050 രൂപ
* 4 ബെഡ്: 1575 രൂപ
* 6 ബെഡ്: 2100 രൂപ
വിവാഹ ചടങ്ങുകൾക്ക് പ്രത്യേക പാർക്കിങ് സൗകര്യം
നാളെയും 30നും സെപ്്റ്റംബർ 14നുമായി വലിയ തോതിൽ വിവാഹങ്ങൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ദേവസ്വം പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ 1100 വിവാഹങ്ങളാണ് നടക്കുന്നത്.
ചെറുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ശ്രീകൃഷ്ണ ഹൈസ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടുകൾ തുറന്നുകൊടുക്കും. എന്നാൽ ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹന പാർക്കിങ് കർശനമായി നിരോധിച്ചിരിക്കുന്നു.
വിവാഹ സംഘങ്ങൾ നിശ്ചയിച്ച മുഹൂർത്തത്തിന് അരമണിക്കൂർ മുൻപ് എത്തി ടോക്കൺ കൈപ്പറ്റേണ്ടതാണ്. ചടങ്ങുകൾ പുലർച്ചെ 4 മണിക്ക് തന്നെ ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

