ഹെഡിങ്ലിയില്‍ പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് നായകന് ജോ റൂട്ട്, ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ അഭിമാനകരമായ റെക്കോര്‍ഡിനൊപ്പമെത്തി. മത്സരത്തില്‍ 66 റണ്‍സ് നേടി പുറത്തായതോടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ റൂട്ട് സച്ചിനൊപ്പം ചേര്‍ന്നത്.
നിലവില്‍ ഇരുതാരങ്ങളും 68 അര്‍ധസെഞ്ചുറികള്‍ വീതമാണ് നേടിയിട്ടുള്ളത്. 200 ടെസ്റ്റുകളിലെ 329 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിന് 68 അര്‍ധസെഞ്ചുറികള്‍ നേടിയതെങ്കില്‍, 167 ടെസ്റ്റുകളിലെ 305 ഇന്നിംഗ്സുകളില്‍ നിന്നാണ് റൂട്ട് ഈ നേട്ടം സ്വന്തമാക്കിയത്.
സച്ചിനെക്കാള്‍ 33 ഇന്നിംഗ്സുകള്‍ കുറവ് കളിച്ചാണ് ഇംഗ്ലീഷ് നായകന് ഈ ചരിത്രനേട്ടത്തിലെത്തിയത് എന്നത് കായികലോകത്ത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 171 റൺസ് പിന്തുടരുന്നതിനിടെ 48/2 എന്ന നിലയിൽ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ ജോ റൂട്ടാണ് കരകയറ്റിയത്.
തുടര്‍ന്ന് ജോർദാൻ കോക്സുമായി ചേർന്ന് 204 പന്തിൽ 150 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കാൻ റൂട്ടിനായി. 10 ബൗണ്ടറികൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
ഒടുവിൽ ഖുറം ഷെഹ്സാദിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി പുറത്താകുന്നതിന് മുൻപ് ടീമിന് മികച്ച ലീഡ് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗിന്റെ റെക്കോർഡ് തകർക്കാൻ ഇനി 13 റൺസ് കൂടി മാത്രം മതി ജോ റൂട്ടിന്.
കൂടാതെ, ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനെന്ന സച്ചിന്റെ റെക്കോര്‍ഡായ 15921 റണ്‍സ് മറികടക്കാൻ റൂട്ടിന് (14180 റണ്‍സ്) ഇനി 1741 റണ്‍സ് മാത്രമാണ് ആവശ്യമുള്ളത്. സച്ചിന്റെ ടെസ്റ്റ് സെഞ്ചുറി റെക്കോര്‍ഡായ 51 സെഞ്ചുറികളുടെ ഒപ്പമെത്താൻ റൂട്ടിന് (41 സെഞ്ചുറികൾ) ഇനി 10 സെഞ്ചുറികള്‍ കൂടി ആവശ്യമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

