ആലപ്പുഴയിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് നഗരത്തിൽ കർശനമായ വാഹന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ഗതാഗത ക്രമീകരണങ്ങൾ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ, ഓഗസ്റ്റ് 22ന് ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകിട്ട് ആറുമണിവരെ കെഎസ്ആർടിസി ബസുകൾ നേരിട്ട് ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. എറണാകുളം ഭാഗത്തുനിന്നെത്തുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കണം.
തുടർന്ന് വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് സർവീസ് നടത്തണം. കൊല്ലം ഭാഗത്തുനിന്ന് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കാരെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് മടങ്ങേണ്ടതാണ്.
ആലപ്പുഴ – ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ, ആലപ്പുഴ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് പഴവീട്, കൊട്ടാരം ജംഗ്ഷൻ വഴി എത്തി ആളുകളെ ഇറക്കണം. തുടർന്ന് ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
വള്ളംകളി കാണാനെത്തുന്ന സന്ദർശകർക്കായി പ്രത്യേക പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റിക്കരിയേഷൻ ഗ്രൗണ്ടിലും, ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
കൂടാതെ, കാണികളുടെ യാത്രാസൗകര്യത്തിനായി ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസുകൾ ലഭ്യമാക്കുന്നതാണ്. പുന്നമടക്കായൽ സജ്ജം; ജില്ലയിൽ പ്രാദേശിക അവധി ചരിത്രപ്രസിദ്ധമായ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി പുന്നമടക്കായൽ പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു.
ആവേശകരമായ ഓളപ്പരപ്പിലെ മത്സരത്തിനായി 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 70-ലധികം ജലയാനങ്ങളാണ് മാറ്റുരയ്ക്കുന്നത്. ശനിയാഴ്ച രാവിലെ 11 മണിമുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും.
ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ജലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം നാലുമണിക്കാണ് വാശിയേറിയ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്.
ജലോത്സവം നടക്കുന്ന ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കുന്നതല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

