ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് ഇന്റെ വേഗതയുടെ റെക്കോര്ഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട് പുതിയ ചരിത്രം കുറിച്ചിരിക്കുന്നു. പ്രമുഖ ചൈനീസ് റോബോട്ടിക്സ് കമ്പനിയായ യൂണിട്രീ വികസിപ്പിച്ചെടുത്ത ‘സൂപ്പർമാൻ’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് അതിവേഗതയിൽ സഞ്ചരിച്ച് ഈ നേട്ടം കൈവരിച്ചത്.
സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗത സെക്കൻഡിൽ 12.42 മീറ്ററായിരുന്നു.
ഈ കണക്കുകളെയാണ് യൂണിട്രീയുടെ പുതിയ റോബോട്ട് പിന്നിലാക്കിയിരിക്കുന്നത്. അതിവേഗ ഓട്ടത്തിന് പുറമേ നിന്ന നിൽപ്പിൽ രണ്ട് മീറ്റർ ഉയരത്തിൽ ചാടാനും ഈ റോബോട്ടിന് സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
വെറും മൂന്ന് മാസത്തിനുള്ളിലാണ് ഈ റോബോട്ട് വികസിപ്പിച്ചെടുത്തതെന്നും, ഇതിന്റെ ശേഷി ഇനിയും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഹങ്ഷൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിട്രീ നിലവിൽ റോബോട്ടിക്സ് രംഗത്ത് വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.
ഏകദേശം 18,000-ത്തോളം ഹ്യൂമനോയിഡ് റോബോട്ടുകളെ കമ്പനി ഇതിനകം നിർമ്മിച്ചിട്ടുണ്ട്. ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് കമ്പനി ഈ പുതിയ സാങ്കേതികവിദ്യയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
എങ്കിലും, ബോൾട്ടിന്റെ പൂർണ്ണമായ ഒരു റേസുമായിട്ടല്ല, മറിച്ച് റണ്ണിംഗ് സ്പീഡിന്റെ അടിസ്ഥാനത്തിലാണ് ഈ താരതമ്യമെന്നും സ്വതന്ത്ര ഏജൻസികളുടെ സ്ഥിരീകരണം ഇതിന് ആവശ്യമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

