റിയാദ്: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം കനക്കുന്നതിനിടയിൽ, മേഖലയിലെ പുതിയ പ്രകോപനങ്ങൾ തടയുന്നതിനായി സൗദി അറേബ്യ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി. ഹോർമുസ്, ബാബ് അൽ മന്ദബ് തുടങ്ങിയ നിർണായക ജലപാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മിഡിൽ ഈസ്റ്റിൽ സമാധാനം നിലനിർത്തണമെന്നുമാണ് സൗദി അറേബ്യയുടെ ആവശ്യം.
അതേസമയം, അമേരിക്കൻ സൈന്യത്തിന് പിന്തുണ നൽകുന്ന രാഷ്ട്രങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന് ഇറാൻ കരസേന മേധാവി മുന്നറിയിപ്പ് നൽകി. മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്ന ചോദ്യവും ഇറാൻ ഉന്നയിച്ചു.
ഗൾഫ് രാജ്യങ്ങളുടെ അമേരിക്കൻ സഹകരണത്തിലുള്ള അതൃപ്തിയാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്. കഴിഞ്ഞ രാത്രിയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്, യുഎഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണം ഇറാൻ നൽകിയിരുന്നുവെങ്കിലും, നിലപാട് കടുപ്പിച്ച യുഎഇ ഇറാനുമായുള്ള മുഴുവൻ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും പൂർണ്ണമായി റദ്ദാക്കിയിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്മേലുള്ള സാമ്പത്തിക ഉപരോധം കൂടുതൽ കടുപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാന്മേൽ കടുത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്താനാണ് അമേരിക്കയുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

