തലശ്ശേരിയിൽ ഓട്ടോറിക്ഷയിൽ മറന്നുവെച്ച ബാഗും അതിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും വിദേശ വിനോദസഞ്ചാരിക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവറും പൊലീസും മാതൃകയായി. അമേരിക്കയിലെ നെബ്രാസ്കയിലുള്ള ലിങ്കൺ സ്വദേശിയായ മോറി ഹിഗ്ഗിൻസിനും കുടുംബത്തിനുമാണ് അവിചാരിതമായി നഷ്ടപ്പെട്ട
ബാഗ് തിരികെ ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച തലശ്ശേരി നഗരത്തില് വെച്ചാണ് മോറി ഹിഗ്ഗിൻസ് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ ബാഗ് നഷ്ടപ്പെട്ടത്.
വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് ഇനി തിരികെ ലഭിക്കില്ലെന്ന കരുതി ഇവർ പ്രതീക്ഷ കൈവിട്ടിരുന്നു. എന്നാൽ, യാത്രക്കാരൻ ബാഗ് മറന്നുവെച്ചത് ശ്രദ്ധയിൽപ്പെട്ട
ഓട്ടോ ഡ്രൈവർ ഉടൻ തന്നെ ഇത് തലശ്ശേരി ട്രാഫിക് പൊലീസ് യൂണിറ്റിൽ എത്തിച്ചു നൽകുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച മോറിയും കുടുംബവും തലശ്ശേരിയിൽ നിന്ന് മകളുടെ മുടി വെട്ടുന്നതിനായി സമീപത്തെ സലൂണിലേക്ക് നടന്നുപോകുമ്പോൾ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന ഉദ്യോഗസ്ഥൻ ഇവരെ തിരിച്ചറിയുകയും ബാഗിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
ബാഗ് ഉടമസ്ഥന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്താൻ പൊലീസുകാർ അതിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷം ബാഗ് കൈമാറി. കൃത്യസമയത്ത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതയും ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയും തങ്ങളെ ഏറെ സന്തോഷിപ്പിച്ചതായി മോറി ഹിഗ്ഗിൻസ് പ്രതികരിച്ചു.
കേരളത്തിലെ ജനങ്ങളിൽ നിന്നും പൊലീസിൽ നിന്നും ലഭിച്ച ഈ മാതൃകാപരമായ അനുഭവത്തിന് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം പൊലീസിന് ഔദ്യോഗികമായി നന്ദിസന്ദേശവും അയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

