ആൻഡ്രോയിഡ്, വെയർ ഒഎസ് (Wear OS) ഉപയോക്താക്കൾക്കായി ഗൂഗിൾ അവതരിപ്പിച്ചിട്ടുള്ള സുപ്രധാന സംവിധാനങ്ങളിലൊന്നാണ് ഫൈൻഡ് ഹബ് (Find Hub). ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡുകൾ തുടങ്ങി വിവിധ അനുയോജ്യമായ ഉപകരണങ്ങളുടെ ലൊക്കേഷൻ എപ്പോഴും കൃത്യമായി ട്രാക്ക് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കുന്നു.
എന്നാൽ ആൻഡ്രോയിഡിലും വെയർ ഒഎസിലും ഈ സേവനങ്ങളുടെ ലഭ്യതയിൽ ഇതുവരെ ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. നിലവിൽ വെയർ ഒഎസ് ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ് ഗൂഗിൾ.
ഇതിലൂടെ സ്മാർട്ട് വാച്ചിൽ നിന്ന് നേരിട്ട് വ്യക്തികളെ കണ്ടെത്താൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആൻഡ്രോയിഡിലെ ഫൈൻഡ് ഹബ്ബിൽ ഏറെ നാളായി ലഭ്യമായിരുന്ന ‘ഫൈൻഡ് പീപ്പിൾ’ എന്ന ഫീച്ചറാണ് ഇപ്പോൾ വെയർ ഒഎസ് സ്മാർട്ട് വാച്ച് ഉപയോക്താക്കൾക്കും ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.
നിങ്ങളുടെ വെയർ ഒഎസ് സ്മാർട്ട് വാച്ച് വഴി തന്നെ ഈ ഫീച്ചർ സജീവമാക്കാൻ സാധിക്കും. ഇത് വഴി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നിങ്ങളുടെ തത്സമയ ലൊക്കേഷൻ (real-time location) അറിയാൻ സാധിക്കും.
സുരക്ഷിതമായി ലൊക്കേഷൻ ഡാറ്റ പങ്കുവെക്കാനും ആവശ്യാനുസരണം മറ്റുള്ളവരുടെ ലൊക്കേഷൻ റിക്വസ്റ്റ് ചെയ്യാനും ഈ സംവിധത്തിലൂടെ കഴിയും. ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി നിരവധി നിയന്ത്രണങ്ങളും ഗൂഗിൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കൾക്ക് തങ്ങളുടെ ലൊക്കേഷൻ ഷെയറിങ് എപ്പോൾ വേണമെങ്കിലും തടയാനുള്ള അവസരമുണ്ട്. കൂടാതെ ആവശ്യമില്ലാത്തവരെ ബ്ലോക്ക് ചെയ്യാനും മാപ്പിൽ നിന്ന് മറച്ചുവെക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്.
എന്നാൽ നിലവിൽ വെയർ ഒഎസ് പതിപ്പിൽ മാപ്പ് വ്യൂ (map view) നേരിട്ട് ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാപ്പിൽ ആളുകളെ കാണുന്നതിനായി ഉപയോക്താക്കളെ ഫോണിലേക്ക് റീഡയറക്ട് ചെയ്യുന്ന രീതിയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഈ പുതിയ സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഫൈൻഡ് ഹബ്ബിന്റെ പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വെർഷൻ 1.0.429.0-ൽ ഈ ഫീച്ചർ വിജയകരമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലൊക്കേഷൻ പങ്കുവെക്കുന്നതിന് പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ തന്നെ സ്മാർട്ട്ഫോൺ വഴി ഇത് ഉപയോഗിക്കാൻ സാധിക്കും. സുഹൃത്തുക്കളെ കാണാൻ പോകുമ്പോൾ യാത്രയിലാണെന്ന് ബോധ്യപ്പെടുത്താനും മറ്റും ഈ ഫീച്ചർ ഏറെ സഹായകരമാകും.
ലൊക്കേഷൻ ട്രാക്കിംഗിന് പുറമെ ഉപകരണങ്ങൾ ലോക്ക് ചെയ്യാനും ഡാറ്റ ഡിലീറ്റ് ചെയ്യാനും സാറ്റലൈറ്റ് വഴി ലൊക്കേഷൻ പങ്കുവെക്കാനുമുള്ള നൂതന സൗകര്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

