തലസ്ഥാന നഗരിയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന അനധികൃത നിർമാണങ്ങൾക്കെതിരെ നടപടികൾ ഊർജിതമാക്കി തിരുവനന്തപുരം നഗരസഭ. അനധികൃത നിർമാണങ്ങൾ യാതൊരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മേയർ വി.വി.
രാജേഷ്, കോർപ്പറേഷൻ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ട് പരിശോധന നടത്തി. പുതിയ ഭരണസമിതി അധികാരമേറ്റതുമുതൽ ഇത്തരം നിയമവിരുദ്ധ നിർമാണങ്ങൾ അവസാനിപ്പിക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നതായി മേയർ അറിയിച്ചു.
എന്നാൽ, ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിർമാണ മാഫിയ പഴയ രീതിയിൽ പ്രവർത്തനങ്ങൾ തുടരുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഭരണസമിതി നേരിട്ട് രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുളിമൂട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലായിരുന്നു പരിശോധന.
പുളിമൂട്ടിൽ മുൻപ് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമാണം നിർവഹിച്ച സ്ഥാപനത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. ഇതിനോട് ചേർന്ന് പെർമിറ്റില്ലാതെ നിർമാണം ആരംഭിച്ച മറ്റൊരു കെട്ടിടത്തിന് ഉടനടി സ്റ്റോപ്പ് മെമ്മോ നൽകി നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു.
കൂടാതെ, ടി.സി. നമ്പർ ഉപയോഗിച്ച് അനുവദനീയമായ അളവിലും കൂടുതൽ നിലകൾ പണിതുയർത്തിയ കെട്ടിടത്തിലും പരിശോധന നടത്തി.
ഈ ഘട്ടത്തിൽ അകത്തുനിന്ന് പൂട്ടിയിട്ടിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥരോട് ഉടൻതന്നെ നഗരസഭാ ഓഫീസിൽ ഹാജരാകാൻ നഗരസഭ നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളപ്പൊക്കത്തിനും അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും പ്രധാന കാരണം ഇത്തരത്തിലുള്ള അനധികൃത നിർമാണങ്ങളാണെന്ന് മേയർ ചൂണ്ടിക്കാട്ടി.
ഒരു സെൻ്റീമീറ്റർ പോലും അനധികൃത നിർമാണം അനുവദിക്കില്ലെന്നും, നഗരസഭാ ഭരണസമിതിയും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായാണ് ഈ നിർണായക തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമായ സന്ദർഭങ്ങളിൽ പോലീസിന്റെ സേവനം പൂർണ്ണമായി ഉറപ്പാക്കുമെന്നും മേയർ വി.വി.
രാജേഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

