ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ വിമുക്തഭടനെ മരിച്ച നിലയിൽ കണ്ടെത്തി. പുളിങ്കുന്ന് കണ്ണാടി വേങ്ങലോത്ത് വീട്ടിൽ വി.ജി.
സന്തോഷ് കുമാർ (56) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം പഞ്ചായത്ത് അംഗം തങ്കച്ചൻ വാഴച്ചിറയെ അറിയിക്കുകയായിരുന്നു.
തുടർന്ന് തങ്കച്ചൻ പുളിങ്കുന്ന് പൊലീസിൽ വിവരം അറിയിക്കുകയും, പൊലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം എട്ടാം തീയതി ശനിയാഴ്ചയാണ് ഇദ്ദേഹത്തെ നാട്ടുകാർ അവസാനമായി കണ്ടത്.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ഭാര്യയും മക്കളും ഭാര്യവീട്ടിലാണ് താമസം. അമ്മ പൊന്നമ്മ ഒപ്പമുണ്ടായിരുന്നെങ്കിലും രണ്ടു വർഷം മുൻപ് ചെങ്ങന്നൂരിൽ ഉള്ള സഹോദരിയുടെ വീട്ടിലേക്കു പോയിരുന്നു.
അവിടെവച്ച് രണ്ടാഴ്ച മുൻപ് അമ്മ അന്തരിക്കുകയും ചെയ്തു. അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു ഭാര്യയെയും മക്കളെയും കണ്ട
ശേഷമാണ് അദ്ദേഹം തിരികെ പുളിങ്കുന്നിലെ വീട്ടിലേക്ക് എത്തിയതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഭാര്യ: രജനി. മക്കൾ: സരിത, സിത്താര.

