യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന നടപടിക്കെതിരെ വിമാനക്കമ്പനികൾക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ചട്ടങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കേണ്ടി വരുമെന്ന് കോടതി താക്കീത് നൽകി.
സ്വകാര്യ വിമാനക്കമ്പനികൾ തോന്നിയതുപോലെ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഈ നിർണായക പരാമർശം ഉണ്ടായത്. കേന്ദ്ര സർക്കാരിന്റെ മാർഗരേഖകൾ പോലും വിമാനക്കമ്പനികൾ കാര്യമായി പാലിക്കുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അതേസമയം, വിമാന നിരക്കുകൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗരേഖകളുടെ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
ഈ ഹർജി വരുന്ന സെപ്റ്റംബർ ഏഴിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഇതിനിടെ, വേനലവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ വീണ്ടും തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു.
ഓഗസ്റ്റ് അവസാനവാരത്തിലും സെപ്റ്റംബർ ആദ്യവാരത്തിലുമായി പ്രവാസികൾ കൂട്ടത്തോടെ മടങ്ങാൻ ശ്രമിക്കുന്നതാണ് നിരക്കിലെ അനിയന്ത്രിതമായ വർധനവിന് കാരണം. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ മുൻനിർത്തി പല പ്രവാസികളും ഉയർന്ന നിരക്ക് ഭയന്ന് വൺവേ ടിക്കറ്റെടുത്താണ് അവധിക്കാലത്ത് നാട്ടിലെത്തിയത്.
എന്നാൽ മടക്കയാത്രയിൽ ഈ രീതിയിൽ വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾക്ക് കനത്ത സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

