ന്യൂഡൽഹി ദേശീയ നേതൃത്വത്തിലെ അഴിച്ചുപണിക്കൊപ്പം പാർടിയുടെ സമൂഹമാധ്യമ വിഭാഗത്തിലും നിർണായക മാറ്റങ്ങൾ നടപ്പിലാക്കി. ദീപക് മസ്കെയെ പുതിയ സമൂഹമാധ്യമ കൺവീനറായി ഔദ്യോഗികമായി നിയമിച്ചു.
പ്രീതി ഗാന്ധി, ശിവാനന്ദ് ദ്വിവേദി, അലോക് ഭട്ട്, അരുൺ യാദവ് എന്നിവരെ പുതിയ സഹകൺവീനർമാരായും തെരഞ്ഞെടുത്തു. ദീർഘകാലമായി ബിജെപിയുടെ ഐടി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന അമിത് മാളവ്യയെ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
എന്നാൽ, എക്സിലെ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ‘ബിജെപിയുടെ ദേശീയ വിവരസാങ്കേതികവിദ്യ വിഭാഗത്തിന്റെ ചുമതലക്കാരൻ’ എന്ന നിലവിലെ പദവി ഇപ്പോഴും രേഖപ്പെടുത്തിയിട്ടുണ്ട്. ആശയവിനിമയ തന്ത്രങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള മീഡിയ കോർഡിനേറ്ററായി അനിൽ ബാലുനിയെയും നിയമിച്ചിട്ടുണ്ട്.
ആശിഷ് ഉഷ അഗർവാൾ, പ്രദീപ് ഭണ്ഡാരി, സിദ്ധാർത്ഥ് യാദവ് എന്നിവരാണ് പുതിയ സഹ കോർഡിനേറ്റർമാർ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ കീഴിൽ പുതിയ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ പോസ്റ്റിലൂടെ പുതുതായി നിയമിക്കപ്പെട്ടവരെ അഭിനന്ദിക്കുകയുണ്ടായി.
‘പുതുതായി നിയമിതരായ ഈ ടീം സംഘടനാപരമായ അനുഭവസമ്പത്തും ഊർജവും താഴേത്തലത്തിലുള്ള ബന്ധങ്ങളും ഒരുമിപ്പിക്കുന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും പൊതുജന സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അവർ തങ്ങളാൽ കഴിയുന്ന മികച്ചത് നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അവർക്ക് എന്റെ എല്ലാ ആശംസകളും’ – പ്രധാനമന്ത്രി മോദി കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

