മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലുള്ള സർക്കാർ ആദിവാസി ആശ്രമം സ്കൂൾ ഹോസ്റ്റലിൽ നിന്ന് പ്രേതബാധ ആരോപിച്ച് അറുന്നൂറിലധികം വിദ്യാർത്ഥികൾ ഒന്നിച്ച് കൂട്ടത്തോടെ ഹോസ്റ്റൽ ഉപേക്ഷിച്ചു പുറത്തിറങ്ങി. രാത്രികാലങ്ങളിൽ പാദസരത്തിന്റെ ശബ്ദവും പൊട്ടിച്ചിരികളും കരച്ചിലും കേൾക്കുന്നുണ്ടെന്നും, ചില പെൺകുട്ടികളിൽ ബാധ കയറിയതുപോലുള്ള പെരുമാറ്റം കാണുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് കുട്ടികൾ കൂട്ടത്തോടെ ഹോസ്റ്റൽ വിട്ടത്.
ഈ സംഭവം വലിയ രീതിയിലുള്ള ആശങ്കയ്ക്ക് വഴിവെച്ചതോടെ അധികൃതരും ഡോക്ടർമാരും അടിയന്തരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു. കഴിഞ്ഞ ജൂലൈ അവസാനം ചില പെൺകുട്ടികൾ അനിയന്ത്രിതമായി ചിരിക്കുകയും കരയുകയും വിചിത്രമായി പെരുമാറുകയും ചെയ്തതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം.
ഇതോടെ ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അതിവേഗം പടരുകയായിരുന്നു. ഇവിടെ ആകെ പഠിക്കുന്ന 608 വിദ്യാർത്ഥികളിൽ 345 പെൺകുട്ടികളും 263 ആൺകുട്ടികളുമാണ് കടുത്ത ഭയം മൂലം വീടുകളിലേക്ക് മടങ്ങിയത്.
തുടർന്ന് സ്കൂൾ അധികൃതർ പെൺകുട്ടികളെ ആശുപത്രിയിലെത്തിച്ച് മാനസികാരോഗ്യ വിദഗ്ദ്ധരെക്കൊണ്ട് വിശദമായ പരിശോധനകൾ നടത്തി. പെൺകുട്ടികളുടേത് പ്രേതബാധയല്ലെന്നും മറിച്ച് കടുത്ത മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ‘മാസ് ഹിസ്റ്റീരിയ’ എന്ന മാനസികാരോഗ്യ അവസ്ഥയാണെന്നും ഡോക്ടർമാർ ഔദ്യോഗികമായി വ്യക്തമാക്കി.
വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യമില്ലാതെ പരിഭ്രാന്തരാകേണ്ടതില്ലെന്നും ദുരൂഹമായ യാതൊന്നും ഇവിടെ സംഭവിക്കുന്നില്ലെന്നും പ്രാദേശിക ആരോഗ്യ വിഭാഗം അറിയിച്ചു. കുട്ടികളുടെ ഭയം പൂർണ്ണമായും മാറ്റുന്നതിനും അവരെ സുരക്ഷിതമായി തിരികെ സ്കൂളിലെത്തിക്കുന്നതിനുമായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പ്രത്യേക കൗൺസിലിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ, അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ‘മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി’യും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ ബോധവൽക്കരണം നൽകാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

