ഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നത് തടയാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെയുള്ള പരാതികളിലാണ് ഇപ്പോൾ നടപടി പുരോഗമിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ സോണിയാ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും സോണിയാ ഗാന്ധിക്കെതിരെ പരാതികൾ നൽകാനാണ് പുതിയ നീക്കം.
വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലും കർണാടകയിലും പരാതികൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. വന്ദേമാതരം ആലാപനം മനഃപൂർവം തടസ്സപ്പെടുത്തി എന്നാണ് ബിജെപിയുടെ പ്രധാന വാദം.
എന്നാൽ, വന്ദേമാതര ബിൽ ചർച്ചയിൽ രാജ്യസഭയിൽ ജെയ്റാം രമേശ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ഇതിനിടയിൽ, തൃണമൂൽ കോൺഗ്രസും ഡിഎംകെയും സോണിയാ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
മതമൗലികവാദികൾക്ക് മുന്നിൽ കീഴടങ്ങുന്നത് കോൺഗ്രസിന്റെ സ്ഥിരം നയമായി മാറിയെന്നും പ്രീണന രാഷ്ട്രീയത്തിനായി പാർട്ടി സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നുവെന്നും ആരോപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രംഗത്തെത്തിയതോടെയാണ് വിവാദം പുതിയ വഴിതിരിവിലേക്ക് കടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

