ഇടുക്കി ജില്ലയിലെ എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ലോൺ ആപ്പുകൾ വഴി വൻതുക കടം വരുത്തിവെച്ച പ്രതി അജീഷ്, പണം നൽകാത്തതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ അറസ്റ്റിലായ പ്രതി അജീഷിനെ വരുന്ന ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകത്തിന് ഇരയായ അൻ്റണിയുടെയും വത്സമ്മയുടെയും സംസ്കാര ചടങ്ങുകൾ ഇതിനോടകം നടന്നു.
മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് അടിമയായിരുന്നു അജീഷ്. വിവിധ ഓൺലൈൻ ആപ്പുകൾ മുഖേന വായ്പയെടുത്ത തുക മുഴുവൻ ആഡംബര വസ്തുക്കൾ വാങ്ങാനും ലഹരിക്കുമാണ് ഇയാൾ ധൂർത്തടിച്ചിരുന്നത്.
പിന്നീട് തിരിച്ചടവ് മുടങ്ങിയത് പ്രതിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു. സംഭവം നടന്ന ദിവസം രാവിലെ ആന്റണിയും വത്സമ്മയും തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിൽ പ്രതി ഇവർക്കടുത്തേക്ക് എത്തി പണം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പണം നൽകാൻ മാതാപിതാക്കൾ തയ്യാറാകാതെ വന്നതോടെ അജീഷ് അക്രമാസക്തനാകുകയും ഭ്രാന്തമായ രീതിയിൽ പെരുമാറുകയും ചെയ്തതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. മകൻ യു.പി.ഐ വഴി അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നത് തടയാൻ വത്സമ്മയുടെ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലഹരിക്ക് അടിമയായ പ്രതിയെ മുൻകാലങ്ങളിൽ മാതാപിതാക്കൾ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. ഇതിലുള്ള അമർഷം കാരണം മാതാപിതാക്കളോടും ചില ബന്ധുക്കളോടും ഇയാൾക്ക് കടുത്ത വിരോധമുണ്ടായിരുന്നു.
മകൻ ലഹരി ഉപയോഗിച്ചിരുന്നെങ്കിലും മാതാപിതാക്കൾ ഇക്കാര്യം പുറത്തുപറയാൻ തയ്യാറായിരുന്നില്ല. അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനായ അജീഷ്, വീട്ടിൽ കഴിയുമ്പോൾ സ്വന്തം മുറിയിൽ മാത്രം ഒതുങ്ങിക്കൂടുന്നതാണ് പതിവ്.
മൂന്നാഴ്ച മുമ്പ് കട്ടപ്പനയിൽ നിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചാണ് ഇയാൾ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മൊഴി നൽകിയത്.
അതിനാൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണത്തിൽ പൂർണ്ണ വ്യക്തത കൈവരികയുള്ളൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

