സ്വാതന്ത്ര്യദിനാഘോഷ ഒരുതിക്കിടയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ട അധ്യാപകന് ദാരുണാന്ത്യം.
ഒഡീഷയിലെ ബാലസോർ ജില്ലയിലെ മൈതാപൂർ സ്കൂളിൽ പതാക ഉയർത്താൻ എത്തിച്ച ഇരുമ്പ് കുഴൽ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി അധ്യാപകൻ ഷോക്കേറ്റ് മരിക്കുകയായിരുന്നു. സ്കൂളിലെ കായിക അധ്യാപകനായ പ്രിയബ്രത ബെഹേരയാണ് മരണപ്പെട്ടത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി അധ്യാപകരും വിദ്യാർഥികളും സ്കൂളിൽ എത്തിച്ചേരുന്നതിനിടയിലാണ് ഈ വലിയ ദുരന്തം സംഭവിച്ചത്. സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്നതിനായി ഇരുമ്പ് പൈപ്പ് മുകളിലേക്ക് ഉയർത്തുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അധ്യാപകനെയും സഹായിക്കാൻ അടുത്തുണ്ടായിരുന്ന മൂന്ന് വിദ്യാർഥികളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഭദ്രക് മെഡിക്കൽ കോളജിൽ വെച്ച് അധ്യാപകന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.

