കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെ നീളുന്ന ദേശീയപാത 66ന്റെ നിർമാണപ്രവർത്തനങ്ങൾ 2028ലും പൂർത്തിയായേക്കില്ല. പദ്ധതിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള വയഡക്ടുകളുടെ (മേൽപാലങ്ങൾ) നിർമാണത്തിനായി ഇതുവരെയും കരാറിലായിട്ടില്ല.
കൂടാതെ, നിലവിൽ പണികൾ പുരോഗമിക്കുന്ന ചില മേഖലകളിൽ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി 2028 ഏപ്രിൽ വരെ ദീർഘിപ്പിച്ച് നൽകിയിട്ടുമുണ്ട്. മണ്ണുറപ്പിച്ച് റോഡ് നിർമിക്കുമ്പോഴുള്ള അപകടസാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി, കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിൽ ഉൾപ്പെടുന്ന 7.67 കിലോമീറ്റർ ദൂരത്തിൽ 12 വയഡക്ടുകൾ നിർമിക്കുന്നതിനായി രണ്ട് മാസം മുൻപാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.
നിശ്ചിത സമയത്തിനുള്ളിൽ ഈ വയഡക്ടുകളുടെ പണികൾ പൂർത്തീകരിച്ചില്ലെങ്കിൽ സംസ്ഥാനത്ത് യാത്രാദുരിതം ഇനിയും നീളാനാണ് സാധ്യത. കരാർ വ്യവസ്ഥകൾ പ്രകാരം കഴിഞ്ഞ മാർച്ചിനു മുൻപായിരുന്നു പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടിയിരുന്നത്.
എന്നാൽ, അശാസ്ത്രീയമായ രീതിയിലുള്ള നിർമാണത്തെത്തുടർന്ന് പാത തകർന്നതുമൂലം പുതിയ രൂപരേഖ തയ്യാറാക്കി പുനർനിർമാണം നടത്തേണ്ടി വന്നത് പ്രവൃത്തിയെ ബാധിച്ചു. ഇതിനുപുറമേ നിർമാണ സാമഗ്രികളുടെ ദൗർലഭ്യം, പ്രതികൂല കാലാവസ്ഥ, സാമ്പത്തിക അടിത്തറയില്ലാത്ത കരാറുകാരെ പ്രവൃത്തി ഏൽപ്പിച്ചത് തുടങ്ങിയ വിവിധ കാരണങ്ങളും പണികളുടെ വേഗത കുറച്ചു.
പ്രത്യേകിച്ച് തെക്കൻ കേരളത്തിലെ ഭൂരിഭാഗം റീച്ചുകളിലും റോഡ് നിർമാണം ഏറെ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. വിവിധ പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതിയും പുതുക്കിയ പൂർത്തീകരണ തീയതികളും താഴെ പറയുന്ന വിധമാണ്:
∙ പുതുക്കിയ കരാർ പ്രകാരം 2027 ജനുവരി 6: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ (12.7 കിലോമീറ്റർ) – 91%
∙ 2027 മാർച്ച് 31: ചെങ്കള-നീലേശ്വരം (37.3 കി.മീ)– 91%, നീലേശ്വരം-തളിപ്പറമ്പ് ആറുവരിപ്പാത (40.1 കി.മീ) – 87%
∙ 2027 ഏപ്രിൽ 30: കടമ്പാട്ടുകോണം-കഴക്കൂട്ടം (29.8 കി.മീ) – 77% (7.67 കി.മീ വയഡക്ട് ഒഴികെ)
∙ 2027 മേയ് 31: കൊടുങ്ങല്ലൂർ-ഇടപ്പള്ളി (26 കി.മീ) – 71%, തുറവൂർ-പറവൂർ (38.4 കി.മീ) – 81%
∙ 2027 ജൂൺ 30: കാപ്പിരിക്കാട്-തളിക്കുളം (33.2 കി.മീ) – 95%, തളിക്കുളം-കൊടുങ്ങല്ലൂർ (28.7 കി.മീ) – 94%, കൊല്ലം ബൈപാസ് തുടക്കം മുതൽ – കടമ്പാട്ടുകോണം (31.2 കി.മീ)– 96%
∙ 2027 നവംബർ 30: പറവൂർ-കൊറ്റുകുളങ്ങര (37.5 കി.മീ) – 77%
∙ 2027 ഡിസംബർ 31: കൊറ്റുകുളങ്ങര-കൊല്ലം ബൈപാസ് തുടക്കം വരെ (31.5 കി.മീ)– 77%
∙ 2028 മാർച്ച് 30: അഴിയൂർ-വെങ്ങളം (40.8 കി.മീ) – 68%
∙ 2028 ഏപ്രിൽ 30: തളിപ്പറമ്പ്-മുഴപ്പിലങ്ങാട് (29.9 കി.മീ) – 84%
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

