കൊട്ടിയം നഗരമധ്യത്തിൽ വ്യാപാര സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു. കൊട്ടിയം ജംക്ഷനിൽ മയ്യനാട് റോഡിൽ സ്ഥിതി ചെയ്യുന്ന ലുക്മാന്റെ ഉടമസ്ഥതയിലുള്ള എംഎകെ ബേക്കേഴ്സ് ആൻഡ് മൊബൈൽ ഫോൺ കടയിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്.
കടയിൽ നിന്ന് ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ബ്ലൂടൂത്തുമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാവിലെ കടയുടമ സ്ഥലത്തെത്തിയപ്പോഴാണ് ഷട്ടറിന്റെ ഒരു പൂട്ട് തകർത്തതായി ശ്രദ്ധയിൽപ്പെട്ടത്.
പൂട്ട് തകർത്ത ശേഷം അകത്തുകടന്ന മോഷ്ടാവ് കൗണ്ടർ തകർത്താണ് പണം കവർന്നത്. വെള്ളിയാഴ്ചത്തെ വിറ്റുവരവ് തുകയും പുതിയ സാധനങ്ങൾ വാങ്ങാനായി സൂക്ഷിച്ചിരുന്ന തുകയുമാണ് നഷ്ടപ്പെട്ടത്.
സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ക്യാമറകളിൽ നിന്ന് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. നീല ഷർട്ടും പാന്റും ധരിച്ച് കൈയിൽ ബാഗുമായാണ് മോഷ്ടാവ് എത്തിയത്.
കൃത്യം നടത്തുന്നതിന് മുൻപ് എംഎകെ ബേക്കറിക്ക് എതിർവശത്തുള്ള ഗോൾഡ്കവറിങ് കടയ്ക്കു മുന്നിൽ ഇയാൾ ഇരിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബേക്കറിയിൽ മോഷണം നടത്തിയതിന് ശേഷം തൊട്ടടുത്തുള്ള ലോട്ടറിക്കടയുടെ ഷട്ടറിന്റെ പൂട്ടും തകർക്കാൻ ശ്രമം നടന്നിട്ടുണ്ട്.
തുടർന്ന് സമീപത്തെ ചെരിപ്പുകടയിലും ഇയാൾ മോഷണശ്രമം നടത്തി. സംഭവത്തെ തുടർന്ന് പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ആവശ്യമായ തെളിവുകൾ ശേഖരിച്ചു.
അന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

