സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൂടാതെ പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് രാവിലെ 11.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട
മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് ഒഴിവാക്കേണ്ടതാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും, വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട
സാധ്യത ഒഴിവാക്കാൻ സഹായിക്കുമെന്നും അധികൃതർ നിർദ്ദേശിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

