ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയ പ്രതി അജീഷ് (26) കടുത്ത ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.
പാറത്തറയില് ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9:30 ഓടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടക്കുന്നത്.
മാതാപിതാക്കളുമായി നിരന്തരം വഴക്കിട്ടിരുന്ന അജീഷ്, സംഭവദിവസവും ഇരുവരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് പ്രകോപിതനായി കൊലപാതകം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം അരുംകൊലയുടെ ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ഇത് ഒരു ബന്ധുവിന് അയച്ചുകൊടുക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ ലഭിച്ച ബന്ധു ഉടൻ തന്നെ വിവരം ഇടവക വികാരിയെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ കത്തിയുമായി അക്രമാസക്തനായ നിലയിലായിരുന്നു പ്രതി.
നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് ഏറെ പണിപ്പെട്ടാണ് അജീഷിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കീഴ്പ്പെടുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് വീടിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചത്.
കൊല്ലപ്പെട്ട ദമ്പതികളുടെ ശരീരത്തിൽ ഗുരുതരമായ വെട്ടും കുത്തുമേറ്റിട്ടുണ്ട്.
ഇരുവരുടെ മൃതദേഹങ്ങളും ആന്തരികാവയവങ്ങൾ പുറത്തുവന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പരിക്കേറ്റ പ്രതി അജീഷിന് പൊലീസ് പ്രാഥമിക ചികിത്സ നൽകി.
സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്ന ഇയാളെ ലഹരിവിമുക്തനാക്കാൻ അടുത്തിടെ ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി അയക്കും.
നിലവിൽ വീട് പൊലീസ് സീൽ ചെയ്യുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട
ദമ്പതികളുടെ മറ്റൊരു മകൻ വിദേശത്താണ് ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

