കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ തന്നെ വലിയ ലക്ഷ്യങ്ങളിലേക്ക് ചുവടുവെക്കുകയാണ് ഒരു ഐടി ഉദ്യോഗസ്ഥൻ. 27-ാം വയസ്സിൽ കോർപ്പറേറ്റ് ലോകത്തോട് വിടപറയാൻ ഒരുങ്ങുന്ന ഈ യുവാവ്, എട്ട് വർഷത്തിനുള്ളിൽ 2.5 കോടി രൂപയുടെ ആസ്തി ഉണ്ടാക്കാനാണ് പദ്ധതിയിടുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് ഇദ്ദേഹം തന്റെ ‘ഫയർ’ (FIRE – Financial Independence, Retire Early) പ്ലാനും പങ്കുവെച്ചത്. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.
നിലവിൽ പ്രതിമാസം 1.5 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം. ഇതിൽ നിന്ന് 1.25 ലക്ഷം രൂപയും കൃത്യമായി സേവിങ്സ് നടത്തുന്നുണ്ട്.
ഇതുവരെ 20 ലക്ഷം രൂപയാണ് വിവിധ നിക്ഷേപങ്ങളിലായി മാറ്റിവെച്ചിട്ടുള്ളത്. വരും വർഷങ്ങളിൽ പ്രതിമാസ എസ്.ഐ.പി (SIP) തുകയിൽ 5 ശതമാനം വാർഷിക വർദ്ധനവ് വരുത്താനാണ് പ്ലാൻ.
ശരാശരി 12 ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ, എട്ട് വർഷത്തിനുള്ളിൽ നിക്ഷേപം 2.8 കോടി രൂപയായി വളരും. നികുതി കഴിഞ്ഞാൽ കയ്യിൽ ഏകദേശം 2.5 കോടി രൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി കർശനമായ ജീവിതശൈലി നിയന്ത്രണങ്ങളും യുവാവ് ആസൂത്രണം ചെയ്തിട്ടുണ്ട്. 50 വയസ്സ് വരെ ആഡംബര വസതികൾ വാങ്ങില്ലെന്നും, 30 വയസ്സിന് ശേഷം മാത്രം 10 മുതൽ 12 ലക്ഷം രൂപ വിലമതിക്കുന്ന വാഹനം വാങ്ങുമെന്നുമാണ് പ്ലാൻ.
ജീവിതച്ചെലവുകൾ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ സമാന ചിന്താഗതിക്കാരായ പങ്കാളിയെ കണ്ടെത്തുക എന്നതാണ് മറ്റൊരു പ്രധാന നിബന്ധന. വിവാഹശേഷവും ഉയർന്ന സമ്പാദ്യശീലം തുടരാൻ സ്വന്തമായി ജോലിയും വരുമാനവുമുള്ള പങ്കാളിയെ വേണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.
ഇതുസംബന്ധിച്ച് യുവാവ് കുറിച്ച വരികൾ ഇങ്ങനെ: “ഇന്ന് ഞാൻ 1.5 ലക്ഷം സമ്പാദിച്ച് 1.25 ലക്ഷം ചേർത്തുവെക്കുന്നു. വിവാഹശേഷം ചെലവുകൾ കൂടും.
അതിനാൽ ഭാര്യ പ്രതിമാസം 75,000 രൂപയെങ്കിലും കുടുംബത്തിലേക്ക് നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, ഞാൻ ഒരു പങ്കാളിയെയാണ് നോക്കുന്നത്.” എന്നാൽ, തന്റെ മാതൃകയോട് യോജിക്കുന്ന പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രതിസന്ധി.
ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മാട്രിമോണിയൽ പ്ലാറ്റ്ഫോമുകൾ വഴി നടത്തിയ അന്വേഷണത്തിൽ അനുയോജ്യമായ 30 പ്രൊഫൈലുകൾ മാത്രമാണ് ലഭിച്ചതെന്നും, അയച്ച 10 റിക്വസ്റ്റുകളും നിരസിക്കപ്പെട്ടതായും യുവാവ് പറയുന്നു. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാൽ പൂർണ്ണമായി വിശ്രമജീവിതത്തിലേക്ക് കടക്കാനല്ല ഈ യുവാവിന്റെ പദ്ധതി.
പകരം, സിനിമാ മേഖലയിൽ തിരക്കഥാകൃത്തായി സജീവമാകാനാണ് ലക്ഷ്യമിടുന്നത്. സിനിമാ നിർമ്മാണ രംഗത്ത് പരിചയക്കാരുണ്ടെന്നും, എഴുത്തിലൂടെ പ്രതിമാസം 35,000 രൂപയോളം വരുമാനം കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ കുറിപ്പിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

