രാജ്യത്തിന്റെ തനതുപാരമ്പര്യവും കരകൗശലപ്പെരുമയും ഒരേകുടക്കീഴിൽ അണിനിരക്കുന്ന ഹോർത്തൂസ് ക്രാഫ്റ്റ്സ് ബസാറിന് കൊച്ചിയിൽ തുടക്കമാകുന്നു. സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് പ്രശസ്ത നടി നമിത പ്രമോദ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
എറണാകുളം ടൗൺ ഹാളിലാണ് മൂന്ന് ദിവസങ്ങളിലായി ഈ വിസ്മയവിരുന്ന് അരങ്ങേറുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഭാരതീയ കരവിരുതിന്റെ വർണ്ണപ്പകിട്ടാണ് ഈ പ്രദർശനത്തിന്റെ പ്രധാന ആകർഷണം.
ഇത്തവണത്തെ ഓണം ഷോപ്പിങ് ഇന്ത്യയുടെ സമ്പന്നമായ ക്രാഫ്റ്റ് പാരമ്പര്യത്തെക്കൂടി അടുത്തറിയാനുള്ള അവസരമായി മാറുകയാണ്. രാജകീയ പ്രൗഢിയും പരമ്പരാഗത തുകൽപ്പണിയും ഇഴചേരുന്ന ജോധ്പുരിലെ ജൂത്തികൾ, തനതായ മധുബനി ആർട്, പ്രകൃതിദത്ത നാരുകളിൽ തീർത്ത ആകർഷകമായ ബാഗുകൾ, ആധുനിക ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ, പൈതൃക നെയ്ത്തിന്റെ മാറ്റ് കുറിക്കാത്ത സാരികൾ തുടങ്ങി ഒട്ടനവധി അപൂർവ കരകൗശല, കൈത്തറി ഉൽപന്നങ്ങൾ മേളയിൽ ലഭ്യമാകും.
രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന വസ്ത്രപാരമ്പര്യങ്ങളിൽ നിന്നും പ്രത്യേകം ക്യൂറേറ്റ് ചെയ്ത ഉൽപന്നങ്ങളാണ് ഓണക്കാല ഷോപ്പിനായി ഈ ബസാർ ഒരുക്കിയിരിക്കുന്നത്. പശ്മീന, ബനാറസി, ജാംദാനി, ഇക്കത്ത്, കാഞ്ചീപുരം തുടങ്ങി ഇന്ത്യയിലെ പ്രശസ്തമായ തനതു കൈത്തറി വസ്ത്ര ശേഖരവുമായി പരമ്പരാഗത നെയ്ത്തുകൂട്ടായ്മകളും പ്രമുഖ ഡിസൈനർ സംരംഭങ്ങളും നേരിട്ടെത്തുന്നു എന്നത് ഈ മേളയുടെ പ്രധാന പ്രത്യേകതയാണ്.
കേരളത്തിന്റെ തനതു പെരുമ വിളിച്ചോതുന്ന ചേന്ദമംഗലം, ബാലരാമപുരം, കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങളും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഇവയുൾപ്പെടെ മുപ്പത്തിരണ്ടിലേറെ പ്രമുഖ ബ്രാൻഡുകളാണ് ഇത്തവണത്തെ ഹോർത്തൂസ് ബസാറിന്റെ ഭാഗമാകുന്നത്.
രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് പ്രദർശന സമയം. സെപ്റ്റംബർ 16, ഞായറാഴ്ച വരെയാണ് കൊച്ചി ടൗൺ ഹാളിൽ മേള നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

