തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധ വികസന പദ്ധതികളിൽ ഏറെ നിർണ്ണായകമായ ഒന്നാണ് തുറമുഖത്തെ റെയിൽവേ നെറ്റ്വർക്കുമായി ബന്ധിപ്പിക്കുന്ന തുരങ്കപാത. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയും പാരിസ്ഥിതികാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗികമായി ടെണ്ടർ നടപടികളിലേക്ക് കടന്നിട്ടില്ല.
2028-ന് മുൻപ് പണി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതിയുടെ മുന്നിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള വിവിധ പ്രതിസന്ധികളാണ് നിലവിലുള്ളത്. തീരത്തോട് ചേർന്ന് തുറമുഖം യാഥാർത്ഥ്യമായതോടെ വിഴിഞ്ഞം മേഖലയിൽ വലിയ വികസന മാറ്റങ്ങളാണ് ഉണ്ടായത്.
എന്നാൽ, പദ്ധതിക്കായി വിശാലമായ കടൽത്തീരം മാത്രമല്ല, തങ്ങളുടെ കിടപ്പാടം തന്നെയും നഷ്ടപ്പെടുത്തേണ്ടി വന്നവരാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികളിൽ പലരും. ആ പ്രയാസങ്ങൾ ഒട്ടൊന്നു ശമിച്ചുവെന്ന് കരുതുന്നതിനിടയിലാണ് പുതിയ റെയിൽവേ പാതയുടെ വരവ് സംബന്ധിച്ച ആശങ്കകൾ ഉയരുന്നത്.
തുറമുഖത്തെ റെയിൽവേ ലൈനുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. തുരങ്കത്തിൽ നിന്ന് റെയിൽവേ പാളം തുറമുഖത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മാത്രം ഏകദേശം 21 വീടുകൾ സ്ഥിതിചെയ്യുന്നുണ്ട്.
അലൈൻമെന്റ് മാറ്റണമെന്ന് ആവശ്യപ്പെടാൻ ഇത്തരത്തിലുള്ള നിരവധി കാരണങ്ങളുണ്ട്. വിഴിഞ്ഞം തുറമുഖം മുതൽ ബാലരാമപുരം റെയിൽവേ സ്റ്റേഷൻ വരെ ആകെ 10.7 കിലോമീറ്റർ ദൂരമാണുള്ളത്.
തുറമുഖത്ത് നിന്ന് 150 മീറ്റർ മാറി കരിമ്പള്ളിക്കരയിൽ നിന്നാണ് ടണലിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് 9.43 കിലോമീറ്റർ ദൂരം തുരങ്കത്തിലൂടെയാണ് പാത കടന്നുപോകുന്നത്.
വിഴിഞ്ഞം – മുക്കോല – ബാലരാമപുരം റോഡിന് സമാന്തരമായി ഭൂനിരപ്പിൽ നിന്നും 30 മീറ്റർ താഴ്ചയിലൂടെയാണ് ട്രെയിനുകൾ സർവ്വീസ് നടത്തുക. പദ്ധതിക്കായി ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലായി ആകെ 5.523 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
ഇതിനായി 1482.92 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൊങ്കൺ റെയിൽ കോർപറേഷന്റെ വിശദമായ പദ്ധതി രേഖയിൽ (DPR) പരിസ്ഥിതി സൗഹൃദമായ ‘ന്യൂ ഓസ്ട്രിയൻ ടണലിങ് മെത്തേഡ്’ പോലുള്ള നവീന സാങ്കേതികവിദ്യകൾ ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
സർക്കാർ അതിവേഗം ടെണ്ടർ നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും, പ്രദേശവാസികളുടെ ആശങ്കകൾക്ക് ഇതുവരെ പൂർണ്ണ പരിഹാരമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

