പുതിയ ദേശീയപാത – 66 നിർമാണം പൂർത്തിയാകുന്നതോടെ, നിലവിലുള്ള ദേശീയപാത സംസ്ഥാന പാതയായി പ്രഖ്യാപിക്കും. ഈ പാത പിന്നീട് പൊതുമരാമത്ത് നിരത്തു വിഭാഗത്തിനു കൈമാറാനാണ് തീരുമാനം.
തുടർന്നു വരുന്ന എല്ലാവിധ അറ്റകുറ്റപ്പണികളും ടാറിങ് ജോലികളും പൊതുമരാമത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും നടപ്പിലാക്കുക. റോഡ് സംസ്ഥാന പാതയായി മാറുന്നതോടെ സമീപത്തെ കെട്ടിട
നിർമാണ ചട്ടങ്ങളിലും കാര്യമായ മാറ്റങ്ങൾ വരും. കേരള മുനിസിപ്പൽ, കേരള പഞ്ചായത്ത് കെട്ടിട
നിർമാണ ചട്ടങ്ങൾ അനുസരിച്ചുള്ള ഇളവുകൾ ഇവിടെ ലഭ്യമാകും. നിലവിലെ ദേശീയപാത നിയമപ്രകാരം കൊമേഴ്സ്യൽ കെട്ടിടങ്ങൾ റോഡിന്റെ മധ്യത്തിൽ നിന്ന് 70 മീറ്റർ അകലത്തിലും റസിഡൻഷ്യൽ കെട്ടിടങ്ങൾ 40 മീറ്റർ അകലത്തിലും മാത്രമേ നിർമിക്കാൻ സാധിക്കുമായിരുന്നുള്ളൂ.
എന്നാൽ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാകുമ്പോൾ റോഡരികിൽ നിന്ന് 3 മീറ്റർ അകലം പാലിച്ചാൽ തന്നെ കെട്ടിട നിർമാണം നടത്താനാകും.
എങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ മാസ്റ്റർ പ്ലാൻ നിലവിലുണ്ടെങ്കിൽ അതനുസരിച്ചുള്ള മാനദണ്ഡങ്ങളാകും ബാധകമാവുക. ഇതിന്റെ ഭാഗമായി പറവൂർ നഗരസഭയിൽ റോഡുകളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
എങ്കിലും പഴയ ദേശീയപാതയോട് ചേർന്ന് എൻഎച്ച് നിയമപ്രകാരമുള്ള വലിയ ദൂരപരിധി ഇനി പാലിക്കേണ്ടി വരില്ല. ഇതിനിടയിൽ, നിലവിലെ ദേശീയപാത – 66ൽ പറവൂർ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള ഭാഗത്തെ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
റോഡ് നവീകരണത്തിനായി 12.60 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ ലഭ്യമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി തകർന്നുകിടക്കുന്ന റോഡിലെ കുഴിയടയ്ക്കൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ മഴക്കാലത്തും തകരാത്ത രീതിയിൽ താൽക്കാലികമായി കുഴികൾ അടയ്ക്കുകയും, മഴ പൂർണ്ണമായി മാറിയ ശേഷം ബിറ്റുമിൻ കോൺക്രീറ്റ് (ബിസി) ഉപയോഗിച്ച് റോഡ് പൂർണ്ണമായി ടാർ ചെയ്ത് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യും. കുഴികൾ നിറഞ്ഞ് യാത്രാദുരിതം സൃഷ്ടിച്ച ഈ പാതയിൽ ശാസ്ത്രീയമല്ലാത്ത രീതിയിൽ മുൻപ് നടത്തിയ അറ്റകുറ്റപ്പണികൾ ഫലം കണ്ടിരുന്നില്ല.
അടച്ച കുഴികൾ അടുത്ത മഴയിൽ തന്നെ വീണ്ടും തകരുന്നത് ഇരുചക്ര വാഹന യാത്രക്കാരുടെ നടുവൊടിക്കുന്ന സ്ഥിതി വിശേഷമാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ചും കണ്ണൻകുളങ്ങര, പട്ടണം കവല, മുനമ്പം കവല, ആലുംമാവ് തുടങ്ങിയ പ്രദേശങ്ങളിൽ റോഡ് പൂർണമായും തകർന്ന അവസ്ഥയിലായിരുന്നു.
പറവൂർ – വരാപ്പുഴ റൂട്ടിൽ വഴിക്കുളങ്ങര മുതൽ ചെറിയപ്പിള്ളി വരെയുള്ള ഭാഗങ്ങളിലും സമാനമായ തകർച്ചയുണ്ട്. റോഡ് തകർന്നു കിടക്കുന്ന ഈ സാഹചര്യത്തിലും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി സർവീസ് നടത്തുന്നത്.
ഇടുങ്ങിയതും തകർന്നതുമായ റോഡുകളിൽ വലിയ വാഹനങ്ങളുടെ അമിത വേഗതയിലുള്ള ഓവർടേക്കിങ് മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ തോതിൽ ഭീഷണി ഉയർത്തുന്നുണ്ട്. ആയതിനാൽ അമിതവേഗം നിയന്ത്രിക്കാൻ കർശന നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

