മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ വാഹനം ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നൽകി.
തിരുവനന്തപുരത്ത് ഇ.ഡി സംഘത്തിന്റെ വാഹനം ആക്രമിച്ച കേസില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് അഡ്വ. സന്തോഷ് കുമാറിനെയാണ് ഈ കേസിനായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ മാസം 18ന് ഹർജി പരിഗണിക്കുമ്പോള്‍ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാറിന്റെ നിലപാട് ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ബഷീറിന്റെ ഭാര്യയുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കേസിന്റെ വിചാരണ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് രാമന്‍പിള്ളയാണ് ഹാജരാകുന്നത്. നേരത്തെ ജില്ലാ സെഷന് അഡീഷനല്‍ കോടതി ഒന്നില്‍ നടന്നിരുന്ന കേസ്, രാമന് പിള്ളയുടെ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുള്ള തടസ്സഹര്ജിയെ തുടർന്ന് താഴത്തെ നിലയിലെ നാലാം കോടതിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ കേസിന്റെ വിചാരണ ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും രാമന് പിള്ള നേരിട്ട് കോടതിയില്‍ ഹാജരായിട്ടില്ല. നിലവിൽ ഓണ്‍ലൈനായാണ് സാക്ഷികളെ വിസ്തരിക്കുന്നത്.
ഇതിനിടയിലാണ് കോടതി മാറ്റം പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണെന്ന് ചൂണ്ടിക്കാട്ടി ബഷീറിന്റെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചത്. ഒപ്പം കേസിൽ സ്പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ശക്തമായി ഉന്നയിച്ചിരുന്നു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ ദാരുണമായി കൊല്ലപ്പെട്ടത്.
ഈ കേസിൽ രണ്ടാം പ്രതിയായിരുന്ന വഫയെ കോടതി കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ അതിഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

