മാവൂർ∙ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ പാമ്പിനെ കണ്ടെത്തിയതിനെത്തുടർന്ന് അധ്യാപകരും വിദ്യാർഥികളും ആശങ്കയിലായി. തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയതോടെയാണ് നീണ്ട
നേത്തെ പരിഭ്രാന്തിക്ക് വിരാമമായത്. കൈത്തൂട്ടി മുക്ക് എഎൽപി സ്കൂളിന്റെ ഓടുമേഞ്ഞ മച്ചിനു മുകളിലാണ് പാമ്പിനെ കാണപ്പെട്ടത്.
ഇന്നലെ രാവിലെ ക്ലാസുകൾ ആരംഭിച്ചയുടൻ കുട്ടികൾ തലയ്ക്കു മീതെ ഓടിട്ട മേൽക്കൂരയ്ക്കു താഴെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് ശ്രദ്ധിക്കുകയായിരുന്നു.
കുട്ടികളുടെ നിലവിളിയും ബഹളവും കേട്ട് അധ്യാപകർ ഉടൻ തന്നെ സ്ഥലത്തെത്തി. പാമ്പിനെ കണ്ടതിനെത്തുടർന്ന് അപകടസാധ്യത ഒഴിവാക്കാൻ മേൽക്കൂരയ്ക്കു താഴെയുള്ള ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന വിദ്യാർഥികളെ സമീപത്തെ മറ്റ് ക്ലാസ് മുറികളിലേക്ക് സുരക്ഷിതമായി മാറ്റിയിരുത്തി.
ഇതിനുപിന്നാലെ അധ്യാപകർ വിവരം മാവൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തുകയും താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് വിവരം കൈമാറുകയും ചെയ്തു.
തുടർന്ന് വനംവകുപ്പിന്റെ ഔദ്യോഗിക പാമ്പ് പിടിത്തക്കാരനായ കട്ടാങ്ങൽ സ്വദേശി കബീർ സ്ഥലത്തെത്തി. കോണി ഉപയോഗിച്ച് മേൽക്കൂരയ്ക്ക് മുകളിൽ കയറിയാണ് അദ്ദേഹം പാമ്പിനെ വിജയകരമായി പിടികൂടിയത്.
പിടികൂടിയത് വിഷമില്ലാത്ത ഇനം പാമ്പാണെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പിന്നീട് പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി കൊണ്ടുപോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

