കഞ്ചിക്കോട്: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സ്കൂൾ വിദ്യാർഥിയുടെ സൈക്കിളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കടിയേൽക്കാതെ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 9.30-ഓടെയാണ് കഞ്ചിക്കോട് നായർത്തറയിലെ വീട്ടിൽ ഈ സംഭവമുണ്ടായത്. കഞ്ചിക്കോട് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ സൈക്കിളിലാണ് പാമ്പ് കയറിപ്പറ്റിയത്.
രാവിലെ സ്കൂളിലേക്ക് പോകാനായി സൈക്കിൾ എടുക്കാൻ എത്തിയപ്പോഴാണ് സീറ്റിന് താഴെ ഭാഗത്തായി പാമ്പിനെ ശ്രദ്ധിച്ചത്. സീറ്റിൽ കൈ വെച്ചയുടൻ തന്നെ പാമ്പ് പത്തിവിടർത്തി സീറ്റിനുള്ളിൽ നിന്നും പുറത്തേക്ക് വരികയായിരുന്നു.
ഇത് കണ്ട് ഭയന്ന കുട്ടി ഉടൻ തന്നെ ഓടി മാറി രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ സർപ്പ വോളന്റിയർമാരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കഞ്ചിക്കോട്ടെ സർപ്പ വോളന്റിയർമാരായ എം.മയിൽസ്വാമി, സന്തോഷ് കഞ്ചിക്കോട് എന്നിവർ സംഭവസ്ഥലത്ത് എത്തിച്ചേരുകയും പാമ്പിനെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു. പിന്നീട് വനംവകുപ്പിന്റെ ഔദ്യോഗിക നിർദേശപ്രകാരം പാമ്പിനെ ഉൾക്കാട്ടിലേക്ക് തുറന്നുവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

