കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ വർധനവ് രേഖപ്പെടുത്തുന്നു. വിപണിയിൽ ഇന്ന് ഗ്രാമിന് 95 രൂപ വർധിച്ച് 14,195 രൂപയിലും, പവന് 760 രൂപ കൂടി 1,13,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ രാവിലെ 2320 രൂപ വർധിച്ചതിനും ഉച്ചയോടെ 960 രൂപ കുറഞ്ഞതിനും പിന്നാലെയാണ് ഈ പുതിയ മാറ്റം. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സംസ്ഥാനത്തെ വിപണിയെയും സ്വാധീനിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
രാജ്യാന്തര വിപണിയിൽ ഇന്നലെ 4369 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണവ്യാപാരം, ഇന്ന് 4414 ഡോളർ വരെ ഉയർന്നിരുന്നു. നിലവിൽ അൽപം താഴ്ന്ന് 4398 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഇറാൻ-യുഎസ് സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, നിക്ഷേപകരുടെ മുഴുവൻ ശ്രദ്ധയും ഇന്ന് പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളിലാണ്. നിബന്ധനകൾ അനുസരിക്കാതെ ഹോർമുസിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാനും ഹോർമുസ് യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് ട്രംപും വ്യക്തമാക്കുന്നുണ്ട്.
ഇരുകൂട്ടരും സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറുന്ന നിലപാടിലാണ് വിപണി വിലയിരുത്തുന്നത്. പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചുകൊണ്ട് ക്രൂഡോയിൽ വിലയും ഉയരുന്ന സാഹചര്യത്തിൽ ഇന്നത്തെ പണപ്പെരുപ്പ കണക്കുകൾ അതിനിർണായകമാണ്.
അമേരിക്കൻ ഫെഡറൽ റിസർവിന്റെ അടിസ്ഥാന പലിശ തീരുമാനം ഏതുദിശയിലേക്ക് നീങ്ങുമെന്നതിന്റെ വ്യക്തത ഈ കണക്കുകൾ പുറത്തുവരുന്നതോടെ ലഭിക്കും. പണപ്പെരുപ്പം ഉയർന്നുനിൽക്കുകയും ഇത് നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കുകയും ചെയ്താൽ സ്വർണവില ഇടിയാൻ സാധ്യതയുണ്ട്.
ഇത്തരം ഘട്ടങ്ങളിൽ സ്വർണനിക്ഷേപങ്ങൾ പിൻവലിച്ച് നിക്ഷേപകർ ഉയർന്ന പലിശ ലഭിക്കുന്ന യുഎസ് ബോണ്ടുകളിലേക്ക് മാറുന്ന പ്രവണതയുണ്ട്. ഇത് സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറയ്ക്കുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.
എങ്കിലും, സ്വർണവില അനിയന്ത്രിതമായി ഇടിയുകയില്ലെന്നും വില കുറയുമ്പോൾ വാങ്ങിക്കൂട്ടുന്ന ‘ഡിപ് ബയിങ്’ പ്രവണത വീണ്ടും വിപണിയിൽ സജീവമാകുമെന്നുമാണ് വിദഗ്ധരുടെ നിഗമനം. ഇന്നത്തെ നിരക്ക് പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ, പത്തുശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് കുറഞ്ഞത് 1.29 ലക്ഷം രൂപയെങ്കിലും ആവശ്യമാണ്.
അതേസമയം, ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച് 11,660 രൂപയിലെത്തി. എന്നാൽ വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 255 രൂപയിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

