ചെറുതോണിയിൽ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വ്യാജേന വ്യാപകമായ പണം തട്ടിപ്പ് നടക്കുന്നതായി ജില്ലാ പൊലീസ് മുന്നറിയിപ്പ് നൽകി. ജില്ലയിലെ വ്യാപാരികളെയും വിവിധ സ്ഥാപന ഉടമകളെയും ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുന്ന സംഘം സജീവമാണെന്ന് അധികൃതർ വ്യക്തമാക്കി.
‘ഉദ്യോഗസ്ഥനാണ്’ എന്ന വ്യാജേനയെത്തുന്ന ഫോൺ സന്ദേശങ്ങൾ പൂർണ്ണമായും വിശ്വസിച്ച് ആരും പണം കൈമാറരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജിഎസ്ടി, പൊലീസ്, വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ വിവിധ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിധരിപ്പിച്ച്, കേസുകൾ ഒഴിവാക്കാനോ നിയമനടപടികൾ തടയാനോ പണം ആവശ്യപ്പെടുന്നത് പൂർണ്ണമായും തട്ടിപ്പിന്റെ ഭാഗമാണ്.
ഇത്തരത്തിലുള്ള സംശയാസ്പദമായ കോളുകൾ ലഭിക്കുന്ന പക്ഷം പരിചയമില്ലാത്ത വ്യക്തികൾക്ക് പണം നൽകരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഒടിപി (OTP), പിൻ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്.
തട്ടിപ്പുകാർ ആവശ്യപ്പെടുന്ന നമ്പറുകളിലേക്ക് ഗൂഗിൾ പേ (Google Pay) അല്ലെങ്കിൽ മറ്റ് യുപിഐ (UPI) ആപ്പുകൾ വഴി പണം അയച്ചുനൽകരുതെന്നും കർശന മുന്ന്റിയിപ്പുണ്ട്. ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ ലഭിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട
സർക്കാർ ഓഫീസിന്റെ ഔദ്യോഗിക നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ കൃത്യമായി സ്ഥിരീകരിക്കേണ്ടതാണ്. കൂടാതെ, ഫോൺ സംഭാഷണങ്ങൾ, സന്ദേശങ്ങൾ, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തുടങ്ങിയ എല്ലാ തെളിവുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.
യുവതീയുവാക്കളും വ്യാപാരികളും അടക്കമുള്ളവർ ഇത്തരം സൈബർ തട്ടിപ്പുകൾക്ക് ഇരയായാൽ എത്രയും പെട്ടെന്ന് 1930 എന്ന ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിക്കേണ്ടതാണ്. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഈ നമ്പറിൽ പരാതി അറിയിക്കുകയാണെങ്കിൽ നഷ്ടപ്പെട്ട
പണം തിരിച്ചുപിടിക്കാൻ സാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജില്ലാ പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

