തമിഴ്നാടിന് ജലം വിട്ടുനൽകണമെന്ന ഉത്തരവുകൾ പുറത്തുവന്നതിന് പിന്നാലെ കർണാടകത്തിലെ കോൺഗ്രസ് സർക്കാർ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ. കാവേരി ജല തർക്കത്തിൽ വീണ്ടും തിരിച്ചടി നേരിട്ടതോടെയാണ് ഭരണകൂടം പ്രതിരോധത്തിലായിരിക്കുന്നത്.
തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവിനെതിരെ കർഷക സംഘടനകളും വിവിധ കന്നഡ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാടിന് പ്രതിദിനം 12 ക്യുസെക്സ് തോതിൽ 12 ടിഎംസി ജലം വിട്ടുനൽകണമെന്നാണ് ഉത്തരവിലുള്ളത്.
ഇന്നലെ വൈകീട്ട് ചേർന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി യോഗം ഈ ഉത്തരവ് ശരിവച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തി. മാണ്ഡ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലം നൽകരുതെന്ന ആവശ്യവുമായി വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.
പ്രതിപക്ഷ കക്ഷികളും കന്നഡ സംഘടനകളും ഈ നിലപാട് ഏറ്റെടുത്തതോടെ സർക്കാരിന്റെ മുന്നിലുള്ള വഴികൾ അടയുകയാണ്. വെള്ളം വിട്ടുനൽകണമെന്ന പുതിയ ഉത്തരവുകളുടെ പശ്ചാത്തലത്തിൽ വിവിധ കന്നഡ സംഘടനകൾ വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന കർണാടക ബന്ദിന് ജനപിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
നാളെ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഈ സംഭവവികാസങ്ങൾ. തമിഴ്നാട് സമർപ്പിച്ച ഹർജി കോടതി പരിഗണിക്കുമ്പോൾ അനുകൂലമായ വിധി സമ്പാദിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
മഴയുടെ ലഭ്യതയിലുണ്ടായ കുറവ്, ഡാമുകളിലെ നിലവിലെ ജലനിരപ്പ് തുടങ്ങിയ കണക്കുകൾ നിരത്തി തമിഴ്നാടിന്റെ ആവശ്യത്തെ പ്രതിരോധിക്കാനാണ് കർണാടകത്തിന്റെ നീക്കം. കാവേരി പദ്ധതിയുടെ ഭാഗമായ നാല് അണക്കെട്ടുകളിലുമായി നിലവിലുള്ളത് ആകെ 88 ടിഎംസി വെള്ളം മാത്രമാണ്.
പരമാവധി സംഭരണ ശേഷിയേക്കാൾ 40.35 ടിഎംസി കുറവാണ് ഇപ്പോഴുള്ളത്. ഇതിൽ നിന്നും 12 ടിഎംസി ജലം തമിഴ്നാടിന് നൽകിയാൽ സംസ്ഥാനത്ത് കടുത്ത കുടിവെള്ള-ജലസേചന പ്രതിസന്ധി രൂപപ്പെടുമെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്.
എന്നാൽ, കരാർ പ്രകാരം ജൂൺ 1 മുതൽ നൽകേണ്ട 49 ടിഎംസി വെള്ളത്തിൽ വെറും 8.3 ടിഎംസി മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളതെന്ന തമിഴ്നാടിന്റെ വാദത്തെ സംസ്ഥാനം എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

