ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ആഡംബര ഹോട്ടലിൽ വെച്ച് രണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാഗവര സ്വദേശിയായ എസ്.ജി.
ഇമ്രാൻ (40) ആണ് അഞ്ചും പത്തും വയസ്സ് പ്രായമുള്ള സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം ഹോട്ടലിൽ മുറിയെടുത്ത ശേഷമാണ് ഇമ്രാൻ ഈ ക്രൂര കൃത്യം നടത്തിയത്. ആദ്യം ഇളയ മകളായ സെഹ്റയെയും പിന്നീട് മൂത്ത മകളായ സോയയെയും ഇയാൾ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുട്ടികളുടെ മരണം ഉറപ്പുവരുത്തിയ ശേഷം ഇമ്രാൻ മുറിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. തുടർന്ന് വാഷ് റൂമിൽ പ്രവേശിച്ച് കത്തി ഉപയോഗിച്ച് സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരം മുറി വൃത്തിയാക്കാനെത്തിയ ഹോട്ടൽ ജീവനക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് ദാരുണമായ ഈ സംഭവം പുറത്തറിയുന്നത്. മുറിയിൽ നടത്തിയ പരിശോധനയിൽ ഇമ്രാൻ തയ്യാറാക്കിയ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഭാര്യക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് ഇമ്രാൻ സംശയിച്ചിരുന്നു. ഇതേതുടർന്നുണ്ടായ തർക്കങ്ങളെ തുടർന്ന് ഇരുവരും വിവാഹമോചനത്തിന്റെ വക്കിലായിരുന്നു.
തങ്ങൾ വേർപിരിഞ്ഞാൽ കുട്ടികൾ ഇത്തരം ഒരു അമ്മയുടെ കൂടെ വളരേണ്ടി വരുമെന്ന മാനസികാവസ്ഥയിലാണ് കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മരണക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ, ഭാര്യയുടെ ബന്ധം സംബന്ധിച്ച തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ഇയാൾ കുറിപ്പിൽ അവകാശപ്പെടുന്നുണ്ട്.
സംഭവത്തിൽ എസ്.ജി. ഇമ്രാൻനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ബെംഗളൂരു പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

