ന്യൂഡൽഹി: സംപ്രേഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ ഹർജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചു.
ചാനൽ വിലക്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധിക്ക് ആധാരമായ എല്ലാ രേഖകളും ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കും.
ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നൽകിയ ഹർജി ചൂണ്ടിക്കാട്ടുന്നുചൊവ്വാഴ്ച തന്നെ ഇടക്കാല ഉത്തരവ് നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടക്കാല ഉത്തരവിറക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നൽകിയ ഹരജിയിൽ പറയുന്നു. . കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനൽ ഉടമകളെയും ജീവനക്കാരെയും കേൾക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്നും ഹർജികളിൽ പറയുന്നു.
ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി മാനേജ്മെന്റ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
തുടർന്ന് ഫെബ്രുവരി എട്ടിനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജികൾ തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങൾ സിംഗിൾ ബെഞ്ചിനു കൈമാറിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]